Fri. Nov 22nd, 2024
തിരുവനന്തപുരം:

ഭിന്നശേഷിക്കാരായ കുഞ്ഞു കുട്ടികൾക്കും പാർക്കി​ന്റെ സന്തോഷം ഇനി അരികെ. പാർക്കിൽ പാറിനടക്കാനും കാറ്റുകൊള്ളാനുമെത്തുന്ന അവർക്ക് ചക്രക്കസേരയിൽ ഇരുന്നുതന്നെ കലാപ്രകടനങ്ങളും ആസ്വദിക്കാം. ഇതിനായി തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തടസ്സരഹിത പാർക്ക്‌ ഒരുങ്ങി.

സാമൂഹ്യ നീതി വകുപ്പ്‌ ബാരിയർ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായാണ്‌ ഭിന്നശേഷി സൗഹൃദ പാർക്ക്‌ നിർമിച്ചത്‌. ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ ശാരീരിക– മാനസിക ഉല്ലാസത്തിന്‌ അനുയോജ്യമാകുംവിധമാണ്‌ നിർമാണം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സെൻസറി ഗാർഡനും ഒരുക്കിയിട്ടുണ്ട്‌.

നടപ്പാതയിൽ കല്ലുകളും ടൈലുകളും പ്രത്യേക ക്രമത്തിൽ പതിപ്പിച്ചാണ്‌ ഗാർഡൻ ഒരുക്കിയത്‌. ഇരിപ്പിടങ്ങൾക്കരികെ ചക്രക്കസേര നിർത്താനും സംവിധാനമുണ്ട്‌. കലാപ്രകടനങ്ങൾക്കായി മിനി സ്‌റ്റേജും സജ്ജീകരിച്ചിട്ടുണ്ട്‌.

പൊതു പാർക്കുകൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌ മ്യൂസിയംവളപ്പിലും സൗകര്യമൊരുക്കിയത്. 30 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നിർമാണം. കോസ്റ്റ്‌ ഫോർഡിനാണ്‌ നിർമാണ ചുമതല.

ഭിന്നശേഷിക്കാർക്ക് വിനോദത്തിനും ശാരീരിക–മാനസിക വികാസത്തിനും ഉതകുന്ന പൊതു ഇടങ്ങൾ സൃഷ്ടിക്കലാണ്‌ ബാരിയർ ഫ്രീ കേരള പദ്ധതിയുടെ ലക്ഷ്യം. അതിലൂടെ പൊതു ഇടങ്ങളിലും നിരത്തുകളിലും ആയാസരഹിതമായ സഞ്ചാരത്തിനും പ്രവേശനത്തിനും തുല്യമായ അവകാശം ലഭ്യമാക്കും. ചൊവ്വ വൈകിട്ട്‌ നാലിന്‌ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പാർക്ക്‌ ഉദ്‌ഘാടനം ചെയ്യും.