Mon. Dec 23rd, 2024
കൊട്ടാരക്കര:

നെടുമ്പായിക്കുളം സ്വദേശിയുടെ പക്കൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിൽ കഞ്ചാവ് കടത്തി. പൊലീസിൽ പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല.തുടർ അന്വേഷണം നടത്തുന്നില്ലെന്നും പരാതി. എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിലെ പ്രതിയാണ് വാഹനം ഉപയോഗിച്ചതെന്നാണ് വിവരം.

പുലിയില സ്വദേശിയായ യുവാവാണ് റെന്റ് എ കാർ സംരംഭകനിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് നെടുവത്തൂർ സ്വദേശിയായ കഞ്ചാവ് കേസിലെ പ്രതിക്ക് നൽകിയതെന്നാണ് വിവരം. തിരിച്ചറിയൽ കാർഡും കൃത്യമായ വിവരങ്ങളും നൽകിയ ശേഷമാണ് കാർ പുലിയില സ്വദേശിക്ക് കാർ കൈമാറിയതെന്ന് റെന്റ് എ കാർ ഉടമ പറയുന്നു. ഇയാളുടെ പശ്ചാത്തലം കുഴപ്പമില്ലെന്ന വിവരത്തിലാണ് കാർ കൈമാറിയത്.

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും കാർ തിരികെ കിട്ടിയില്ല. തിരികെ ചോദിച്ചപ്പോഴാണ് കാർ നെടുവത്തൂർ സ്വദേശിക്ക് കൈമാറിയ വിവരം പറയുന്നത്. പിന്നീട് പൊലീസിനെ സമീപിച്ചു.

കാക്കനാട് ഫ്ലാറ്റിൽ നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ സംഘം ഈ കാർ ഉപയോഗിച്ചതായി പൊലീസ് വിവരം നൽകിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണം നടന്നിട്ടില്ല. നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് കാർ ഉടമ.