Fri. Mar 29th, 2024
കാസർഗോഡ്:

രണ്ടായിരത്തി രണ്ടിൽ അടച്ചിട്ട കാസർകോട് ആസ്ട്രാൾ വാച്ചസ് ലിമിറ്റഡ് വികസനത്തിന്‌ വഴി തേടുന്നു. ഇരുനൂറോളം തൊഴിലാളികൾ ജോലിയെടുത്തിരുന്ന കേരള വ്യവസായ വികസന കോർപറേഷന്റെ അനുബന്ധ യൂണിറ്റ്‌ കാസർകോട് നഗരത്തിൽ ബീച്ച് റോഡിൽ കോടികൾ വിലമതിക്കുന്ന 1.99 ഏക്കർ ഭൂമിയിലാണ്‌ പ്രവർത്തിച്ചിരുന്നത്‌. കെട്ടിടം തകർച്ചയിലാണ്. യന്ത്രങ്ങൾ ഉപയോഗശൂന്യമായി.

സംരക്ഷണഭിത്തി തകർന്ന് ഭൂമി കൈയേറ്റ ഭീഷണിയിലാണ്. 1980 എപ്രിൽ ആറിനാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ ബംഗളൂരുവിലുള്ള എച്ച്‌എംടി വാച്ച് കമ്പനിക്ക് വാച്ച് നിർമിച്ച് കൊടുക്കലായിരുന്നു ജോലി. സാധന സാമഗ്രികൾ എച്ച്എംടിയാണ് നൽകിയിരുന്നത്.

സാങ്കേതിക വിദഗ്ധരായ ഇരുനൂറോളം സ്ഥിരം തൊഴിലാളികൾ ഉണ്ടായിരുന്നു. സ്ത്രീകളായിരുന്നു കൂടുതലും. ആഗോളവൽക്കണത്തോടെ വിദേശ വാച്ച് കമ്പനികൾക്ക് വിപണിയിൽ നിയന്ത്രണം ലഭിച്ചതോടെ ഇന്ത്യയിൽ പ്രശസ്തമായിരുന്ന എച്ച്എംടി വാച്ചിനെ കേന്ദ്ര സർക്കാർ കൈവിട്ടു. സാധന സാമഗ്രികൾ നൽകുന്നത് എച്ച്എംടി നിർത്തിയതോടെ ആസ്ട്രാൾ വാച്ചസ്‌ 2002 ൽ പൂട്ടി.

വായ്‌പ അടക്കുന്നതിൽ കുടിശ്ശിക വരുത്തിയപ്പോൾ ബാങ്കുകാർ ജപ്തി നടത്തി യന്ത്രങ്ങളിൽ ചിലത് കൊണ്ടുപോയി. കമ്പനി ഭൂമിയും കെട്ടിടവും സംരക്ഷിച്ച് കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കണമെന്നാണ് നാടിന്റെ ആവശ്യം. സ്‌റ്റാർട്ടപ്പ്‌ മിഷനുകൾക്ക്‌ അനുയോജ്യമായ സ്ഥലമാണിത്‌.

ബംഗളരൂവിലും മംഗളൂരുവിലും ഗൾഫ്‌ രാജ്യങ്ങളിലും വിജയകരമായി ഐടി വെഞ്ചറുകൾ നടത്തുന്ന ജില്ലയിലുള്ളവർക്ക്‌ നാട്ടിൽ തുടങ്ങാൻ ആഗ്രഹമുണ്ട്‌. റെഡിമെയ്‌ഡ്‌ ഉടുപ്പ്‌ വ്യാപാരത്തിന്റെ ഹബ്ബാവുകയാണ്‌ കാസർകോട്‌. ഐടി അധിഷ്ടിതമായ ടെക്‌സ്‌റ്റൈൽ ഡിസൈനിങ്‌ സംരംഭത്തിനും നല്ല സാധ്യതയുണ്ട്‌.