Sat. Jan 18th, 2025
നെടുങ്കണ്ടം:

വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസിന്റെ അടിയിൽ ഡ്രൈവറുടെ തല കുടുങ്ങിക്കിടന്നത്‌ മുക്കാൽ മണിക്കൂറോളം. രാമക്കൽമേട്‌ തോവാളപ്പടിയിൽ ഞായർ രാവിലെ ഏഴിനായിരുന്നു സംഭവം. ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ എയർ സസ്‌പെൻഷനിൽ ഡ്രൈവർ മലപ്പുറം സ്വദേശി നിസാർ മുഹമ്മദ്‌(25) ആണ്‌ കുടുങ്ങിയത്‌.

മലപ്പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾ രാമക്കൽമേട്ടിൽനിന്ന്‌ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ്‌ വാഹനത്തിന് തോവളപ്പടിയിൽവച്ച്‌ തകരാറുണ്ടായത്‌. നിസാർ റോഡരികിൽ ബസ്‌ നിർത്തിയശേഷം ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിക്കുന്നതിനിടെ എയർ സംവിധാനത്തിൽ തകരാർ കണ്ടെത്തി. ബസിനടിയിൽ കയറി പരിശോധിക്കുന്നതിനിടെ ആക്‌സിലുകളുടെ ഇടയിലുള്ള ഭാഗങ്ങൾ അടുക്കുകയും നിസാറിന്റെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങുകയുമായിരുന്നു. വാഹനത്തിന്റെ ബോഡി താഴ്‌ന്നതോടെ ഡ്രൈവർ പൂർണമായും ബസിനടിയിലായി.

ഡ്രൈവറെ കാണാതെ വന്നതോടെ യാത്രക്കാരിൽ ചിലർ എത്തി പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ഉടൻതന്നെ തോവാളപ്പടി നിവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിച്ചു. ഫയർഫോഴ്സ് ഹൈഡ്രോളിക് ജാക്കി എത്തിച്ച് ബസിന്റെ ഒരുവശം ഉയർത്തി നിസാറിനെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അജിഖാൻ, വി അനീഷ്, സണ്ണി വർഗീസ്, ടി അജേഷ്, രാമചന്ദ്രൻ നായർ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി നിവാസികളും രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.