ഒളശ്ശ:
ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ജലനിധി പദ്ധതി നോക്കുകുത്തിയായി. വേനൽ ദിനങ്ങൾ ആരംഭിച്ചതോടെ ഗുണഭോക്താക്കൾ ശുദ്ധജലത്തിനായി നെട്ടോട്ടത്തിൽ. പദ്ധതിയിലെ ജലവിതരണം പൂർണമായി തന്നെ നിലച്ച അവസ്ഥയിലാണ്.
പദ്ധതിയെ ആശ്രയിക്കുന്ന പടിഞ്ഞാറൻ മേഖലയിലെ പ്രത്യേകിച്ച് ഒളശ്ശ ഹൈസ്കൂൾ ഭാഗത്തെ ജലവിതരണം നിലച്ചിട്ട് 6 മാസമായി. ആഴ്ചയിൽ ഒരു ദിവസമായിരുന്നു തുടക്കത്തിൽ ജലവിതരണം. അതും ഇപ്പോഴില്ല. എന്നു വിതരണം തുടങ്ങുമെന്നതു സംബന്ധിച്ച് വ്യക്തതയുമില്ല.
പഞ്ചായത്തിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം എന്ന നിലയിൽ ആരംഭിച്ച പദ്ധതി 2020 സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്.കഴിഞ്ഞ ജനുവരി മുതൽ ആഴ്ചയിൽ 2 തവണ ജലം വന്നു തുടങ്ങിയെങ്കിലും ഒരു മാസത്തിനകം നിലച്ചു. 6 മാസമായി ജലവിതരണം ചില മേഖലകളിൽ പൂർണമായി നിലച്ചു.
പണം അടച്ചു 10 വർഷത്തോളം കാത്തിരുന്നപ്പോഴാണ് പദ്ധതി പ്രാവർത്തികമായത്. നാലായിരത്തോളം കുടുംബങ്ങളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കൾ. ഏറ്റുമാനൂർ പട്ടർമഠം പദ്ധതിയിലെ ജലം കുടമാളൂരിലെ ഓവർഹെഡ് ടാങ്കിൽ എത്തിച്ച് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രത്യേക വിതരണ ശൃംഖലയിലൂടെ ജലം എത്തിക്കുകയാണ് ചെയ്യുന്നത്.
ജലവിതരണം മുടങ്ങാൻ കാരണമായി അധികൃതർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത് റോഡ് പണിയാണ്. അതിനു മുൻപേ വെള്ളം നിലച്ചതിനു വിശദീകരണമില്ല. കടുത്ത വേനൽ ദിനങ്ങളിൽ ജലനിധി ഗുണഭോക്താക്കൾക്ക് വെള്ളം കിട്ടാക്കനിയാവുകയാണ്. നിലവിലുള്ള ജല അതോറിറ്റി വിതരണ ശൃംഖലയുമായി ചേർന്ന് പകരം സംവിധാനം അടിയന്തരമായി ഉണ്ടാക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.