Wed. Jan 22nd, 2025
പനമരം:

യന്ത്രങ്ങൾ ഇല്ലാത്തതു മൂലം കൊയ്ത്തു മുടങ്ങിയ ജില്ലയിലെ പാടശേഖരങ്ങളിലേക്കു കൂടുതൽ യന്ത്രങ്ങൾ എത്തുന്നു. പാലക്കാട് ജില്ലയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണു കഴിഞ്ഞദിവസം വയനാട്ടിലേക്കു കൂടുതൽ യന്ത്രങ്ങൾ എത്തിയത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ മാത്തൂർവയലിൽ ഇന്നലെ 3 യന്ത്രങ്ങൾ കൂടിയെത്തി.

തൊഴിലാളി ക്ഷാമവും കൊയ്ത്തുയന്ത്രത്തിന്റെ ലഭ്യതക്കുറവും മൂലം നെൽക്കൃഷി വിളവെടുക്കാൻ കഴിയാതെ കർഷകർ ദുരിതത്തിലായിരുന്നു. വിളവും വിലയുണ്ടെങ്കിലും വിളഞ്ഞ് ഉണങ്ങുന്ന നെല്ല് എങ്ങനെ വിളവെടുക്കുമെന്ന സ്ഥിതിയിലായ കർഷകർ പലയിടത്തും സ്വന്തം നിലയിലാണു കൊയ്ത്തു തുടങ്ങിയത്. പുൽപള്ളി, മുള്ളൻകൊല്ലി മേഖലയിലെ പാടശേഖരങ്ങളിൽ കർണാടകയിലെ മച്ചൂരിൽ നിന്നെത്തിയ തൊഴിലാളികൾ കൊയ്ത്തു നടത്തി.

ചിലയിടങ്ങളിൽ കൊയ്ത്തു യന്ത്രമെത്താതിരുന്നതിനാൽ രാത്രി വൈകിയും ആളെ വച്ചു കൊയ്ത്തു നടത്തിയവരുണ്ട്. ഇതിനിടയിൽ കൂടുതൽ യന്ത്രങ്ങൾ ജില്ലയിലെത്തിയതു കർഷകർക്കു ആശ്വാസമായി. മാത്തൂർ വയലിൽ മാത്രം കഴിഞ്ഞ 2 ദിവസമായി 3 കൊയ്ത്ത് മെതിയന്ത്രം നെല്ലും പുല്ലും വേർതിരിക്കാൻ വയലിലുണ്ട്.

കൂടാതെ വൈക്കോൽ റോളുകളാക്കി കെട്ടുന്ന യന്ത്രങ്ങളും എത്തിയിട്ടുണ്ട്. ഇടനിലക്കാരുടെ നേതൃത്വത്തിലാണ് ജില്ലയിലേക്ക് കൂടുതൽ കൊയ്ത്തുയന്ത്രങ്ങൾ എത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ വകയായുള്ള 3 കൊയ്ത്ത് യന്ത്രങ്ങളും മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത കർഷകരുടെ പാടങ്ങളിൽ കൊയ്ത്ത് നടത്തുന്നുണ്ട്. ജില്ലയിൽ വേണ്ടത്ര കൊയ്ത്ത് യന്ത്രമില്ലാത്തതിനാൽ തോന്നും പോലുള്ള വാടക വാങ്ങുന്നതായി പരാതിയുണ്ട്.

എന്നാൽ നെല്ല് കൊയ്ത് എടുക്കേണ്ട സമയം കഴിഞ്ഞതിനാലും മഴ മൂടൽ ഉള്ളതിനാലും പല കർഷകരും ചോദിക്കുന്ന കൂലി കൊടുത്ത് കൊയ്യുന്ന അവസ്ഥയാണുള്ളത്. വിളവെടുപ്പു കാലത്തെ കർഷകരുടെ ദുരിതം മുന്നിൽ കണ്ട് വരും വർഷങ്ങളിൽ കൂടുതൽ കൊയ്ത്തുയന്ത്രങ്ങൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കുന്നുണ്ട്.