കൽപറ്റ:
വിദ്യാഭ്യാസ നിലവാരത്തിൽ സംസ്ഥാനത്ത് ഏറ്റവും പിറകിലുള്ള ജില്ല. വിദ്യാഭ്യാസപരമായി അടിസ്ഥാന സൗകര്യങ്ങളിലടക്കം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന സ്ഥലം. കൊഴിഞ്ഞുപോക്കടക്കം ഗുരുതരമായ ഒട്ടേറെ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം അനിവാര്യമായ ജില്ല.
പഠനത്തിന്റെ കാര്യത്തിൽ പ്രതിസന്ധികളുടെ ചുരത്തിനുമുകളിലാണ് വയനാട്. പ്രശ്നങ്ങളുടെ ഈ അഗ്നിപരീക്ഷയിൽ പക്ഷേ, വയനാട് ജയിക്കണമെന്ന് അധികൃതർക്കൊട്ടും താൽപര്യമില്ലെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ജില്ലയിൽ വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതല നിർവഹിക്കേണ്ട വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി ഡി ഇ), ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡി ഇ ഒ) എന്നീ രണ്ടു സുപ്രധാന തസ്തികകളിൽ നിലവിൽ ആരും ജോലിയിലില്ല. ഡി ഡി ഇയുടെ ചുമതലയിലുള്ളത് രണ്ടുവർഷം സർവിസുള്ളയാൾ.
തമാശക്കഥകളുടെ കൂത്തരങ്ങായി മാറുകയാണിപ്പോൾ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ്. സർവിസ് ബാക്കിയിരിക്കെ ഡി ഡി ഇ സ്വയം വിരമിക്കൽ തിരഞ്ഞെടുത്ത് ‘രക്ഷപ്പെട്ട’തോടെ പകരം ആളില്ലാത്ത അവസ്ഥ. ഡി ഡി ഇ ഇല്ലെങ്കിൽ ആ ചുമതലയും ഡി ഇ ഒക്കായിരിക്കും. ഇരുവരുമില്ലാത്ത സാഹചര്യത്തിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റാണ് (എ എ) ചുമതല വഹിക്കേണ്ടത്.
എന്നാൽ, ചാർജ് തന്നിലേക്കെത്തുന്നതിനുമുമ്പുതന്നെ അവർ അവധിയിൽ പ്രവേശിച്ചു. പിന്നീട് ചുമതല വഹിക്കേണ്ടിയിരുന്നത് അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫിസർ (എ പി എഫ്ഒ ) ആണ്. ചുമതലയേറ്റ് രണ്ടുദിവസത്തിനുശേഷം ഡ്യൂട്ടിക്കിടെ തലകറങ്ങിവീണതിനെ തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സയിലായി. ഇതോടെയാണ് രണ്ടുവർഷം മാത്രം സർവിസുള്ള അക്കൗണ്ട്സ് ഓഫിസർക്ക് ചുമതല നൽകി ഉത്തരവിറക്കിയത്.
മറ്റു ജില്ലകളിൽനിന്ന് വ്യത്യസ്തമായി, വയനാട്ടിൽ ചുമതലയിലുള്ളവർ കടുത്ത സമ്മർദം നേരിടുകയാണെന്നാണ് ആരോപണം. യൂനിയൻതലത്തിലും മറ്റുമുള്ള സമ്മർദം ചെറുതല്ലെന്നും പല താൽപര്യങ്ങൾക്കനുസരിച്ചും പ്രവർത്തിക്കേണ്ടിവരുന്നുവെന്നും ഉദ്യോഗസ്ഥർ പരിതപിക്കാറുണ്ട്. ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് ഇരിപ്പുറപ്പിക്കാൻ ആളുകൾ ഇഷ്ടപ്പെടാത്തത് അതുകൊണ്ടാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.