കൽപറ്റ:
അന്ധവിശ്വാസങ്ങളിൽ കുടുങ്ങി ഇക്കാലമത്രയും മാറ്റിനിർത്തിയ വയനാടൻ മലമുകളിലേക്ക് മലയാളസിനിമ ചുരംകയറിയെത്തുന്നു. മുൻകാലങ്ങളിൽ വയനാട്ടിൽനിന്നെടുത്ത ചിത്രങ്ങൾ ബോക്സോഫിസിൽ വിജയമാകാതെ പോയപ്പോൾ ‘സിനിമക്ക് രാശിയില്ലാത്ത സ്ഥലം’ എന്ന ലേബൽ വയനാടിനുമേൽ പതിക്കുകയായിരുന്നു.
ഈ അബദ്ധധാരണ സൂപ്പർ സംവിധായകരടക്കമുള്ളവർ തലയിലേറ്റിയതോടെയാണ് പ്രകൃതിരമണീയതകൊണ്ട് അനുഗൃഹീതമായ വയനാട്ടിൽ സിനിമ ഷൂട്ടിങ് അന്യമായത്. ഇത്രകാലത്തിനിടക്ക് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് വയനാട്ടിൽ ഷൂട്ട് ചെയ്തത്. എന്നാൽ, ആധുനിക മലയാള സിനിമയിലെ, പ്രതിഭാധനരായ രണ്ട് ഇളമുറ സംവിധായകർ മുന്നിട്ടിറങ്ങിയതോടെ അബദ്ധചിന്തകളിലൂന്നിയ ആ ധാരണകൾക്ക് ‘കട്ട്’ പറയുകയാണ് വയനാട്.
വയനാട്ടുകാരായ ബേസിൽ ജോസഫും മിഥുൻ മാനുവൽ തോമസും തങ്ങൾ കളിച്ചുവളർന്ന ചുറ്റുപാടുകളിലേക്ക് കാമറ തിരിച്ചുവെച്ചപ്പോൾ മലയാള സിനിമ വിസ്മയിക്കുകയാണ്.
അമ്മവീട് സ്ഥിതിചെയ്യുന്ന കുറുക്കൻമൂലയിൽ, മലയാളസിനിമയിലെ സമീപകാല ബോക്സോഫീസ് ഹിറ്റായ ‘മിന്നൽമുരളി’ ഷൂട്ട് ചെയ്താണ് സുൽത്താൻ ബത്തേരി സ്വദേശിയായ ബേസിൽ ജോസഫ് പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കാൻ മുന്നിട്ടിറങ്ങിയത്.
കുറുക്കൻമൂലയിലും ബൈരക്കുപ്പയിലും ചിത്രീകരിച്ച മിന്നൽമുരളി വൻ വിജയമായതോടെ എല്ലാ അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും ആ ‘സൂപ്പർ ഹീറോ’ കാറ്റിൽ പറത്തി.