Wed. Dec 18th, 2024
കൊൽക്കത്ത:

കൊവിഡ് ഭീഷണി നിലനിൽക്കെ ലക്ഷക്കണക്കിന് ആളുകൾ പ​ങ്കെടുക്കുന്ന ഗംഗാസാഗർ മേളക്ക് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളിലെ ഗംഗാസാഗർ ദ്വീപിൽ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മേള നടക്കുക. ജനുവരി 16 വരെയാണ് പരിപാടി.

നേരത്തെ ആഘോഷം നടത്താൻ കൊൽക്കത്ത ഹൈക്കോടതി പശ്ചിമബംഗാൾ സർക്കാറിന് അനുമതി നൽകിയിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷം നടത്താനായിരുന്നു അനുമതി.

കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന മേളയിൽ കൊൽക്കത്ത ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രദേശത്തെ എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണവിധേയമാണെന്നുമായിരുന്നു ബംഗാൾ സർക്കാർ ഇതിന് മറുപടി നൽകിയത്.

ഈ വർഷം മേളക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം അഞ്ച് ലക്ഷം കവിയില്ലെന്നാണ് ബംഗാൾ സർക്കാറി​ന്‍റെ പ്രതീക്ഷ. മേളയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷ നേതാവ്, ബംഗാൾ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, സംസ്ഥാന സർക്കാർ പ്രതിനിധി എന്നിവരുൾപ്പെടുന്ന സമിതിക്ക് രൂപം നൽകാനും കോടതി നിർദേശം നൽകിയിരുന്നു.

പശ്ചിമബംഗാളിൽ കൊവിഡ് അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 18,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 50,000ത്തോളം പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.