Fri. Nov 22nd, 2024
ഉപ്പുതറ:

സംസ്ഥാന പാതയുടെ നവീകരണ ജോലികൾ ഇഴയുന്നതിനാൽ ഉപ്പുതറ ആശുപത്രിപ്പടി മുതൽ പരപ്പ് വരെയുള്ള ഭാഗത്തെ യാത്ര ദുരിതപൂർണം. കൊച്ചി-തേക്കടി സംസ്ഥാന പാതയിലെ വാഗമൺ-വളകോട്-പരപ്പ് റോഡ് ബിഎംബിസി മാതൃകയിലാണ് പണിയുന്നത്. അതിനായി 2019ൽ 22.50 കോടി രൂപ സർക്കാർ അനുവദിച്ചു. പിന്നീട് പണികൾ ആരംഭിച്ചെങ്കിലും ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയാണ്.

അതിനിടെ ഫണ്ടിന്റെ അപര്യാപ്ത ചൂണ്ടിക്കാട്ടി ഉപ്പുതറ പാലം മുതൽ പരപ്പ് വരെയുള്ള ഭാഗത്തെ ജോലികൾ ഒഴിവാക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. പലപ്പോഴും കാലാവസ്ഥ പ്രതികൂലമാണെന്ന കാരണം നിരത്തിയാണ് പണികൾ വൈകിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

തുടർച്ചയായി പെയ്ത മഴയ്ക്കു ശമനം ഉണ്ടായ ശേഷവും പണികൾ ആരംഭിക്കാതെ വന്നതോടെ നാട്ടുകാർ മന്ത്രി അടക്കമുള്ളവരോട് പരാതിപ്പെട്ടപ്പോഴാണ് വീണ്ടും ജോലികൾ ആരംഭിച്ചത്. ഈ ജോലികളും ഇഴയുകയാണെന്നു പരാതിയുണ്ട്. കൂടാതെ ഗുണനിലവാരം കുറഞ്ഞ രീതിയിലാണ് പണികൾ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഇനിയും പണി നടക്കാത്ത പരപ്പ് മുതൽ ആശുപത്രിപ്പടി വരെയുള്ള യാത്ര ദുരിതപൂർണമാണ്. കട്ടപ്പന-കുട്ടിക്കാനം പാതയിൽ മലയോര ഹൈവേയുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ അതുവഴിയുള്ള യാത്രയും ദുഷ്‌കരമാണ്. അതിനാൽ കോട്ടയം അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാൻ ഭൂരിഭാഗം ആളുകളും ഉപ്പുതറ-വാഗമൺ റോഡിനെയാണ് ആശ്രയിക്കുന്നത്.