Mon. Dec 23rd, 2024
വെള്ളരിക്കുണ്ട്:

മലയോര റോഡുകളുടെ അരികിൽ കാടുകൾ വളരുന്നത് മാലിന്യം നിക്ഷേപിക്കുന്നവർക്ക് സൗകര്യമായി. ദുരിതത്തിലായത്‌ കാൽനട യാത്രക്കാർ. പ്രാധാന റോഡുകളുടെ ജനവാസം കുറഞ്ഞ ഏരിയകളിലാണ് അറവുമാലിന്യം അടക്കം തള്ളുന്നത്.

റോഡിൽ പലയിടത്തും ഇരുവശങ്ങളിലും കാട് വളർന്നതിനാൽ ഏത് ഭാഗത്ത് നിന്ന് വരുന്ന വാഹനത്തിനും മാലിന്യം നിക്ഷേപിക്കാവുന്ന അവസ്ഥയാണ്. പുറകെ വരുന്ന വാഹനങ്ങൾക്കും കാടായതിനാൽ പെട്ടെന്ന് മനസിലാകില്ല. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട യാത്രക്കാർക്ക് അരികുചേർന്നു നിൽക്കാൻ ഇടമില്ലാത്ത വിധം കാട്ടു മൂടിക്കിടക്കുകയാണ്‌.

ദുർഗന്ധം കൂടിയാകുമ്പോൾ യാത്ര ദയനീയം തന്നെ.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുൻകാലത്ത്‌  കാടുകൾ വെട്ടി വൃത്തിയാക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. ചെമ്പൻകുന്ന് ഭാഗത്ത് തള്ളുന്ന മാലിന്യങ്ങൾ റോഡിന് സമാന്തരമായി ഒഴുകുന്ന പുഴയിലേക്ക് വീണ് കുമിഞ്ഞുകൂടി ചൈത്ര വാഹിനിയും മാലിന്യ കൂമ്പാരമായി.