നൂർ സുൽത്താൻ:
ഇന്ധന വില വർധനക്കെതിരെ ജനം തെരുവിലിറങ്ങിയതോടെ സർക്കാർ രാജിവെച്ച കസാഖ്സ്താനിൽ ഇന്ധന-ഭക്ഷ്യവിലയിൽ ആറു മാസത്തേക്ക് സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ചു. വിവിധ മേഖലകളുടെ തലവന്മാരുമായി ബുധനാഴ്ച നടത്തിയ ചർച്ചക്ക് ശേഷം പ്രസിഡന്റ് ഖാസിം ജോമാർത് തൊഖയേവാണ് വില നിയന്ത്രണം പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക നില പിടിച്ചു നിർത്തുന്നതിനാണ് നടപടിയെന്ന് പ്രസിഡന്റ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ അവിടങ്ങളിലെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിനനുസരിച്ചായിരിക്കും വില നിയന്ത്രണം ഏർപ്പെടുത്തുകയെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
പാചക വാതക വിൽപന ഓൺലൈൻ വഴിയാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് മാറ്റിവെക്കാനും തീരുമാനിച്ചു. ഈ വർഷം ജനുവരി മുതൽ നടപ്പാക്കാനിരുന്ന പരിഷ്കരണമാണ് മാറ്റിവെച്ചത്. ഗാർഹിക വസ്തുക്കൾക്ക് മൊറട്ടോറിയം, താഴ്ന്ന വരുമാനക്കാർക്ക് വാടക സബ്സിഡി ഉൾപ്പെടെയുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.