Thu. Jan 23rd, 2025
ന്യൂഡൽഹി:

മുസ്ലിം സ്ത്രീകൾക്കും ആക്ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ വിദ്വേഷപ്രചാരണത്തിന് ലക്ഷ്യമിട്ട് നിർമിച്ച ബുള്ളി ബായ് ആപ് നിർമിച്ചയാൾ അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ ഇരുപത്തിയൊന്ന് വയസുള്ള ബി ടെക് വിദ്യാർത്ഥി നീരജ് ബിഷ്ണോയിയാണ് അറസ്റ്റിലായത്. അസമിൽ നിന്നാണ് അറസ്റ്റ്.

ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ ഡിസിപി കെ പി എസ് മൽഹോത്രയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തേ മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളുരുവിൽ നിന്ന് 21-കാരനായ ബിടെക് വിദ്യാർത്ഥി വിശാൽ ഝാ, ഉത്തരാഖണ്ഡ് സ്വദേശിനിയായ പത്തൊമ്പതുകാരി ശ്വേതാ സിംഗ്, ബുധനാഴ്ച പുലർച്ചെയോടെ മായങ്ക് റാവൽ (21) എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളുരുവിൽ നിന്നാണ് ചൊവ്വാഴ്ച ബി ടെക് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ഇരുപത്തിയൊന്നുകാരനായ ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഉത്തരാഖണ്ഡ് സ്വദേശിനിയെക്കുറിച്ച് വിവരങ്ങൾ കിട്ടിയത്. നേരത്തെ കേസിൽ കേന്ദ്രസർക്കാരിന്‍റെ ഉന്നതതല സംഘം അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു.

സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചാണ് അന്വേഷണം നടത്തുന്നത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്. ബുള്ളി ബായ് ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് മലയാളികൾ അടക്കം ഇരയായിരുന്നു.