Mon. Dec 23rd, 2024
മലപ്പുറം:

വിഷം കഴിച്ചു മരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാര ചടങ്ങുകള്‍ക്കിടെ പൊലീസെത്തി പോസ്റ്റുമോര്‍ട്ടം ചെയ്യാനായി വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു കൊണ്ടുവന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് വയോധിക മരിച്ചത് .

മലപ്പുറം പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്താതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വിട്ട് നല്‍കിയത്. കഴിഞ്ഞ മാസം 29നാണ് വിഷം കഴിച്ച കുഞ്ഞമ്മയെ മഞ്ചേരിയിൽ എത്തിച്ചത് . ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മരിച്ചു .

രണ്ട് മണിക്കൂറിനുള്ളിൽ ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിക്കാനുള്ള ചടങ്ങുകൾ നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്നും വിളിച്ച് പോസ്റ്റ്മോർട്ടം നടത്തണമെന്നും മൃതദേഹം തിരികെ എത്തിക്കണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടത് . ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ വിട്ടുകൊടുക്കാൻ കാരണമെന്നാണ് വിലയിരുത്തൽ . സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.