കൽപ്പറ്റ:
കോട്ടത്തറ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിച്ച് വൻ കെട്ടിട നിർമാണ പ്രവർത്തനം. പരിസ്ഥിതിലോല മേഖല കൂടിയായ പ്രദേശത്തെ നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി ഉടമയ്‌ക്ക് സ്‌റ്റോപ്പ് മെമ്മൊ കൊടുത്തു.
ഉരുൾപൊട്ടൽ ഭീഷണിയുള്ള ഈ മേഖല ദുരന്തനിവാരണ സമിതി യെല്ലോ സോണായി പ്രഖ്യാപിച്ചതാണ്. റീസർവേ 233/3ൽപെട്ട 4.60 ഏക്കർ ഭൂമിയിലാണ് അനധികൃത നിർമാണ പ്രവർത്തനം നടക്കുന്നത്. ബംഗളൂരു സ്വദേശി ബീനാ മൈക്കിളിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിതെന്ന് കോട്ടത്തറ വില്ലേജ് ഓഫീസർ കെ ജിനിൽകുമാർ പറഞ്ഞു.
നേരത്തെ മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ഭൂമിയുടെ പിറക് വശത്തായി വനഭൂമിയോട് ചേർന്നാണ് കുന്നിടിച്ചും പാറപൊട്ടിച്ചും മരംമുറിച്ചും നിർമാണ പ്രവർത്തനം തകൃതിയായി നടക്കുന്നത്. ചെങ്കുത്തായ മലയിൽ വലിയ തോതിൽ മണ്ണിടിച്ചതിനാൽ താഴ്‌ഭാഗത്തെ അമ്പതോളം കുടുംബങ്ങൾ ഭീഷണിയിലായി. മലമുകളിൽ മണ്ണിടിച്ചും പാറപൊട്ടിച്ചും ഭൂമി നിരപ്പാക്കിയിട്ടുണ്ട്.
കുന്നിന്റെ മുകൾഭാഗംവരെ റോഡും വെട്ടിയിട്ടുണ്ട്. വലിയ മൺകൂമ്പാരവും മലമുകളിൽ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് ഈ മണ്ണ് മുഴുവൻ താഴ്‌ഭാഗത്തേക്ക് ഒലിച്ചിറങ്ങാനും മല തുരന്ന് മണ്ണെടുത്തതിനാൽ ഉരുൾപൊട്ടാനും സാധ്യതയേറെയാണ്. ഇതാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്.
വലിയ ഉറവകളുള്ള പ്രദേശം കൂടിയാണിത്. ഒരു മാസത്തോളമായി നിർമാണ പ്രവർത്തനം തുടങ്ങിയിട്ട്. നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസെത്തി ഹിറ്റാച്ചിയും എസ്‌കവേറ്ററും കസ്‌റ്റഡിയിലെടുത്തു.