ശ്രീകണ്ഠപുരം:
മനുഷ്യരെ തമ്മിലടിപ്പിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്ന കാലത്ത്, ജാതിമത വ്യത്യാസം മറന്ന് സ്നേഹത്തിന്റെ പുതുവഴിവെട്ടുന്ന കാഴ്ചയാണ് കണ്ണൂർ ജില്ലയിലെ തേർലായി ദീപിന് പറയാനുള്ളത്. നാലുഭാഗവും വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട ചെങ്ങളായി പഞ്ചായത്തിലെ ദ്വീപാണ് തേർലായി. 198 ഏക്കർ വിസ്തൃതി മാത്രമുള്ള ദ്വീപിൽ ജലാതിർത്തികൾപോലും മറികടന്ന മതമൈത്രിയുടെ പാതയൊരുക്കുകയാണ് ഇവിടത്തുകാർ.
വർഷങ്ങളായി വഴിയില്ലാതിരുന്ന തേർലായി ശിവക്ഷേത്രത്തിലേക്ക് മുസ്ലിം ലീഗ് തേർലായി ശാഖ കമ്മിറ്റി നേതൃത്വത്തിൽ മതഐക്യത്തിന്റെ പാത വെട്ടിയൊരുക്കിയിരിക്കുകയാണ്. 140 കുടുംബങ്ങള്‍ താമസിക്കുന്ന തേർലായി ദ്വീപ് മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. നാല് ഹിന്ദു കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.
തേർലായിൽ പുഴയോര ഭാഗമായ മോലോത്തുംകുന്നിലാണ് അതിപുരാതനമായ ശിവക്ഷേത്രമുള്ളത്. ഈ ക്ഷേത്രത്തിലേക്ക് റോഡില്ലാത്തത് വിശ്വാസികള്‍ക്ക് ഏറെ ദുരിതമുണ്ടാക്കിയിരുന്നു. പ്രാർഥനക്കും പൂജക്കും പോകുന്നവർ കാട്ടുവഴിയിലൂടെ പോകേണ്ടിവന്നു.
കാലപ്പഴക്കത്താല്‍ ജീർണിച്ച ക്ഷേത്രം പുനരുദ്ധരിക്കാൻ ആലോചിച്ചപ്പോൾ ഇവിടേക്ക് റോഡില്ലാത്തത് വലിയ തടസ്സമായി. ശാന്തിക്കാരനായ വാസുദേവന്‍ നമ്പൂതിരിയടക്കം റോഡ് നിർമാണത്തിന് പല തവണ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായം തേടിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ക്ഷേത്രത്തിലേക്ക് ജനവാസ കേന്ദ്രത്തിലൂടെ നാനൂറ് മീറ്റർ ദൂരം റോഡ് നിർമിക്കുന്നതിന് പലരും എതിർപ്പ് പ്രകടമാക്കിയതോടെ റോഡ് നിർമാണം നടക്കില്ലെന്ന് വന്നു.
അതിനിടെയാണ് കഴിഞ്ഞദിവസം മുസ്ലിംലീഗ് ശാഖ ഭാരവാഹികൾ ക്ഷേത്ര റോഡിനായി രംഗത്തിറങ്ങിയത്. സ്ഥലമുടമകളെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ച് ക്ഷേത്ര പരിസരത്തേക്കുള്ള റോഡിന് സമ്മതം വാങ്ങുകയായിരുന്നു. തുടർന്ന് ഞായറാഴ്ച്ച നാട്ടുകാര്‍ ഒത്തുകൂടി ശ്രമദാനത്തിലൂടെയാണ് റോഡ് നിർമാണത്തിന് തുടക്കം കുറിച്ചത്.