പനമരം:
കമ്യുണിറ്റി ഹെൽത്ത് സെന്ററിനോടുള്ള (സിഎച്ച്സി) അവഗണനയ്ക്കു അറുതിയില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തെ സിഎച്ച്സി ആയി ഉയർത്തിയിട്ടു വർഷങ്ങൾ പിന്നിട്ടെങ്കിലും പഴയതിൽ നിന്നും കാര്യങ്ങൾക്കു വലിയ മാറ്റമില്ലെന്നു നാട്ടുകാർ. രാത്രി 7 കഴിഞ്ഞാൽ പലപ്പോഴും ഡോക്ടർമാരുടെ സേവനമില്ലാത്തതു രോഗികൾക്ക് ദുരിതമാകുന്നു.
മറ്റൊരു ആതുരാലയത്തിൽ എത്തി ഡോക്ടറെ കാണണമെങ്കിൽ 20 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. സിഎച്ച്സിയിൽ പുതിയ കെട്ടിടത്തിൽ അടക്കം നൂറോളം പേർക്കുള്ള കിടത്തി ചികിത്സകൾക്കു വേണ്ട സൗകര്യങ്ങൾ ഉണ്ടെങ്കിലും കാര്യമായി കിടത്തി ചികിത്സയില്ലെന്നാണു നാട്ടുകാരുടെ പരാതി.ഇതുമൂലം പാവപ്പെട്ട രോഗികൾ മറ്റു വഴികൾ തേടി പോകേണ്ട സാഹചര്യമാണുള്ളത്.
കൂടാതെ വർഷങ്ങൾ പഴക്കമുള്ളതാണു പ്രധാന ആശുപത്രി കെട്ടിടവും ചുറ്റുമതിലും. ചുറ്റുമതിൽ പലയിടങ്ങളിലും തകർന്നു നശിച്ച അവസ്ഥയാണുള്ളത്. ഇതുവഴി സിഎച്ച്സിയിലേക്ക് തെരുവുനായ്ക്കളടക്കം ആർക്കും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്ന സ്ഥിതിയാണുള്ളത്. എന്നിട്ടും ഇതുവരെ പൊട്ടിയ ഭാഗം പോലും നന്നാക്കാൻ നടപടിയില്ല.
ഇഷ്ടിക കൊണ്ടുള്ള കെട്ടുകളുടെ ബാക്കി ഭാഗങ്ങളും ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആശുപത്രിയുടെ വികസനം സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് സിഎച്ച്സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
ഇതിനിടെ പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പനമരം, കണിയാമ്പറ്റ, പൂതാടി, കോട്ടത്തറ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന സിഎച്ച്സിയെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആയി ഉയർത്തിയ സാഹചര്യത്തിൽ പനമരം സിഎച്ച്സിയുടെ നിലവിലുള്ള ശോച്യാവസ്ഥ പരിഹരിച്ച് അടിയന്തരമായി 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.