കോഴിക്കോട്:
നഗരത്തിൽ ജീർണാവസ്ഥയിലായ കെട്ടിടങ്ങളിലൊന്നുകൂടി ഫുട്പാത്തിലേക്കു തകർന്നുവീണു. കോർട്ട് റോഡിൽ സെൻട്രൽ മാർക്കറ്റിന് എതിർവശത്തെ വർഷങ്ങൾ പഴകിയ കെട്ടിടമാണ് ഞായറാഴ്ച രാവിലെ തകർന്നത്. ആളുകുറഞ്ഞ നേരമായതിനാൽ വൻ അപകടം ഒഴിവായി.
സാധാരണ സമയങ്ങളിൽ നൂറുകണക്കിനാളുകൾ കടന്നുപോവുന്ന ടൗണിലെ ഏറ്റവും തിരക്കുള്ള ഫുട്പാത്തിലേക്കാണ് കെട്ടിടം വീണത്. നിരവധി വാഹനങ്ങളും ഈ റോഡിൽ നിർത്തിയിടാറുണ്ട്. നടപ്പാതയിൽ കയറുകെട്ടി അപകട മുന്നറിയിപ്പ് സ്ഥാപിച്ചിരിക്കയാണിപ്പോൾ.
ബാക്കി ഭാഗംകൂടി അടർന്നുവീഴുമെന്ന ഭീഷണി നിലനിൽക്കുന്നു. പുലർച്ചെ മാർക്കറ്റിലെത്തുന്ന വ്യാപാരികൾ കൂടിനിൽക്കുന്ന ഭാഗമാണിത്. മാസങ്ങൾക്കുമുമ്പ് പരിസരത്തെ മറ്റൊരു കെട്ടിടം രാത്രി തകർന്നുവീണിരുന്നു.
നഗരത്തിൽ വലിയങ്ങാടി, കോർട്ട് റോഡ്, തെക്കേപ്പുറം മേഖലയിൽ നിരവധി കെട്ടിടങ്ങൾ ജീർണാവസ്ഥയിലുണ്ട്. ഇവയിൽ പലതും വഖഫ് സ്വത്തുക്കളായതിനാലും മറ്റും തർക്കത്തിലായതിനാൽ നന്നാക്കാതെ കിടക്കുകയാണ്.