Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. തിരുവനന്തപുരം പേട്ട സ്വദേശിക്ക് അക്കൌണ്ടില്‍ നിന്ന് 22000 രൂപ നഷ്ടമായി. ഇന്‍റര്‍നാഷണല്‍ ട്രാന്‍സാക്ഷന്‍ വഴിയാണ് പണം നഷ്ടമായിരിക്കുന്നത്. ശമ്പളം അക്കൌണ്ടില്‍ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു തട്ടിപ്പ് നടന്നത്.

പുതുവര്‍ഷത്തലേന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ടെക്നോപാര്‍ക്ക് ജീവനക്കാരനായ വിഷ്ണുവിന് ശമ്പളം അക്കൌണ്ടിലേക്കെത്തുന്നത്. ശമ്പളം ക്രെഡിറ്റ് ആയതിന് പിന്നാലെ രാത്രി ഏഴ് മണിയോടെ ആദ്യ തട്ടിപ്പ് നടന്നു.

രാത്രി 7. 18ന് 10795 രൂപ അക്കൌണ്ടില്‍ നിന്നും നഷ്ടമായി. ഇതിനുശേഷം കൃത്യം 12 മിനിറ്റ് കഴിഞ്ഞ് 7 30 ന് അതേ തുക തന്നെ വീണ്ടും നഷ്ടമായി. തുക നഷ്ടമായത് ബാങ്കില്‍ നിന്നുള്ള മെസേജ് വഴിയാണ് അറിഞ്ഞത്. തൊട്ടുപിന്നാലെ ബാങ്കില്‍ നിന്നുള്ള കോളും വന്നു.

താനല്ല ട്രാന്‍സാക്ഷന്‍ നടത്തിയതെന്നും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി എന്നും ബാങ്ക് അധികൃതരോട് വിഷ്ണു വ്യക്തമാക്കി. രാജ്യത്തിനുള്ളില്‍ പണം കൈമാറ്റം ചെയ്യുമ്പോള്‍ വരുന്ന ഒ ടി പിയും വന്നിട്ടില്ല എന്നതാണ് തട്ടിപ്പിന്‍റെ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. സാധാരണ ഗതിയില്‍ തട്ടിപ്പ് നടത്തുന്നവര്‍ അക്കൌണ്ട് ഉടമസ്ഥരുടെ ഫോണിലേക്ക് വരുന്ന ഒ ടി പി ഏതെങ്കിലും തരത്തില്‍ സ്വന്തമാക്കിയാണ് പണം തട്ടാറ്.