Fri. Nov 22nd, 2024
കണ്ണൂർ:

കണ്ണൂരിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷങ്ങളുടെ മരം മുറിച്ച് കടത്തിയതായി വിജിലൻസിന്റെ കണ്ടെത്തൽ. ചന്തപ്പുര മുതൽ കണ്ണപുരം വരെയുളള റീച്ചിൽ നിന്നും ഇരുന്നൂറോളം മരങ്ങൾ ഇത്തരത്തിൽ മുറിച്ചു മാറ്റിയതായാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. റോഡ് വികസനത്തിന്റെ മറവിലാണ് ലേല നടപടികൾ പോലും പൂർത്തിയാക്കാതെ മരം മുറിച്ചു കടത്തിയത്.

സംഭവത്തിൽ പിഡബ്ല്യൂഡി ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് വൻ വീഴ്ച സംഭവിച്ചതായും വിജിലൻസ് കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മരം മുറിയുടെ ചുരുളഴിഞ്ഞത്. പിഡബ്ല്യൂഡിയുടെ കീഴിലുളള ചന്തപ്പുര മുതൽ കണ്ണപുരം വരെയുളള റോഡിൻറെ വീതി കൂട്ടലുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്.

റോഡ് വികസനത്തിന് പാതയുടെ ഇരുവശത്തുമുളള ഇരുന്നൂറോളം മരങ്ങൾ മുറിക്കണമെന്ന് പിഡബ്ല്യൂഡി സോഷ്യൽ ഫോറസ്ട്രീ വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവർ മരത്തിന്റെ മൂല്യം രേഖപ്പെടുത്തി പിഡബ്ലൂഡി ക്ക് കൈമാറി. എന്നാൽ ലേല നടപടികൾ പൂർത്തിയാക്കാതെ ചില വ്യക്തികൾക്ക് ഈ മരങ്ങൾ മറിച്ചു നൽകിയെന്നാണ് പരാതി.

മാത്രവുമല്ല, മരം മുറിച്ച വകയിൽ ഒരു രൂപ പോലും സർക്കാരിലേക്ക് അടച്ചിട്ടുമില്ല. റോഡിന്റെ നിർമാണം അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മരത്തിന്റെ പണം ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻറിൽ ലഭിച്ചിട്ടില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ വിജിലൻസ് കണ്ണൂർ യൂണിറ്റ് പ്രാഥമിക പരിശോധന നടത്തിയത്. തേക്ക്, മാവ്, കാഞ്ഞിരം, മഴ മരം തുടങ്ങി ഇരുന്നൂറോളം മരങ്ങൾ ഇവിടെ നിന്ന് മുറിച്ച് കടത്തിയതായും ഇതിന് പിന്നിൽ പിഡബ്ലുഡിയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടന്നുമാണ് വിജിലൻസിന്റെ പ്രഥാമിക കണ്ടെത്തൽ. കൂടുതൽ സ്ഥലങ്ങളിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നിരിക്കാനുളള സാധ്യതയും വിജിലൻസ് തളളിക്കളയുന്നില്ല.