സോൾ:
അഴിമതിക്കേസിൽ ജയിൽശിക്ഷയനുഭവിക്കുകയായിരുന്ന ദക്ഷിണ കൊറിയ മുൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹെക്ക് മോചനം. പ്രസിഡന്റ് മൂൺ ജെ ഇൻ പൊതുമാപ്പ് നൽകിയതാണ് പാർക്കിെൻറ അഞ്ചുവർഷത്തോളം നീണ്ട ജയിൽ ജീവിതത്തിന് അന്ത്യം കുറിച്ചത്.
ജയിൽമോചിതയായ സാഹചര്യത്തിൽ മാർച്ചിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർക് മത്സരരംഗത്തുണ്ടാകുമോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകർ. അഴിമതിക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ അവരെ 2017ൽ ഇംപീച്ച് ചെയ്തിരുന്നു.
ദക്ഷിണകൊറിയയിൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെടുന്ന ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് പാർക്. രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതിക്കേസിൽ പാർക്കിെൻറ ബാല്യകാല സുഹൃത്തും സാംസങ്,ലോട്ടെ കമ്പനികളുടെ മേധാവികളും ജയിലിലാണ്. പാർക്കിന് 20 വർഷത്തെ തടവുശിക്ഷയാണ് രാജ്യത്തെ ഉന്നതകോടതി വിധിച്ചത്.
സുഹൃത്തിെൻറ സന്നദ്ധ സംഘടനക്ക് കോടിക്കണക്കിന് ഡോളറിെൻറ സംഭാവന ലഭിക്കാനായി അധികാരദുർവിനിയോഗം നടത്തിയെന്നാണ് പാർക്കിനെതിരായ കേസ്. കഴിഞ്ഞാഴ്ചയാണ് മൂൺ ജെ ഇൻ പാർക് അടക്കമുള്ളവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ മുതൽ സോളിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ.