കൊല്ലങ്കോട്:
വേനലെത്തും മുമ്പേ കുഴൽക്കിണറുകളുടെ യന്ത്രങ്ങൾ എത്തിത്തുടങ്ങി. തമിഴ്നാട്ടിലെ സേലം, ഈറോഡ്, ധർമപുരി, തിരുനെൽവേലി എന്നീ ജില്ലകളിൽനിന്നാണ് കുഴൽക്കിണർ നിർമാണ യന്ത്രങ്ങൾ എത്തുന്നത്. കുഴൽക്കിണർ നിർമാണം വ്യാപകമാകുന്നത് വിവിധ കുടിവെള്ള പദ്ധതികളെ പോലും പ്രതികൂലമായി ബാധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
2020ൽ ഇങ്ങനെ പല കിണറുകളിലും ജലനിരപ്പ് താഴ്ന്നതോടെ മേഖലയിൽ പ്രതിസന്ധി രൂക്ഷമായിരുന്നു. പതിവിലും നേരത്തേ ഇക്കുറി കുഴൽക്കിണർ നിർമാണ യന്ത്രങ്ങൾ ചിറ്റൂർ, പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ തമ്പടിച്ചിട്ടുണ്ട്. അനിയന്ത്രിത കുഴൽക്കിണർ നിർമാണത്തിൽ നടപടി സ്വീകരിക്കേണ്ട ഭൂഗർഭ ജല അതോറിറ്റി കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ ചിറ്റൂർ താലൂക്കിൽ മാത്രം 60 കിണറുകൾ ഉപയോഗശൂന്യമായതായി നാട്ടുകാർ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെയും വില്ലേജ് ഓഫിസർമാരുടെയും എൻ ഒ സി ലഭ്യമാക്കിയ ശേഷം നിബന്ധനകളോടെ കുഴൽക്കിണർ നിർമാണത്തിന് അനുമതി നൽകണമെന്നാണ് പൊതുജനാവശ്യം.