Mon. Dec 23rd, 2024
തിരുവമ്പാടി:

മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് പുന്നയ്ക്കൽ വിളക്കാംതോട് അങ്ങാടിയിലെ നിർമാണ പ്രവൃത്തിയെ കുറിച്ചു വ്യാപക പരാതി.അങ്ങാടിയിലെ കട ഉടമകളും വ്യാപാരികളുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുൻ ധാരണയ്ക്കു വിരുദ്ധമായി അങ്ങാടിയിലെ റോഡ് വൻതോതിൽ ഉയർത്താനുള്ള നീക്കമാണ് പ്രതിഷേധത്തിനു കാരണം.

അങ്ങാടിയിലെ 25 കടകൾ റോഡിന് അടിയിൽ ആകും. ഇതിൽ തന്നെ പത്തോളം കടകളുടെ  75 ശതമാനവും ഓടയുടെ അടിയിൽ ആകുന്നതോടെ കടകളിലേക്ക് കയറാൻ സാധിക്കാതെ വരും. ഉയർന്നു നിൽക്കുന്ന ഓടയോടു ചേർന്ന് ഷട്ടർ വരുന്നതിനാൽ ഈ കട മുറികൾ ഉപയോഗശൂന്യമാകും.

റോഡ് നിർമാണത്തിനു വേണ്ടി സൗജന്യമായി സ്ഥലം വിട്ടു നൽകിയവർക്കാണ് ഈ ദുരവസ്ഥ എന്നത് ഏറെ ഖേദകരമാണെന്നു കെട്ടിട ഉടമകളും വ്യാപാരികളും പറയുന്നു. പല വ്യാപാരികൾക്കും  ദിവസങ്ങളായി കടകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്.നിലവിലുള്ള റോഡിൽനിന്ന് 4 അടി വരെ ഉയരത്തിലാണ് ഇപ്പോൾ ഓട ഉണ്ടാക്കുന്നത്. ഇതാണ് കട ഉടമകൾക്ക് വിനയായത്.

പല കെട്ടിടങ്ങളുടെയും മുകളിലേക്ക് കയറാനുള്ള കോണി ഉപയോഗിക്കാൻ പറ്റാതെ അവസ്ഥയായതോടെ മുകൾനില ഉപയോഗ ശൂന്യമാകുന്നു. ആളുകളുടെ പ്രതിഷേധം ഭയന്നു രാത്രിയാണ് ഓടയുടെ നിർമാണം നടത്തിയത്.ഓടയ്ക്കുള്ള കമ്പികെട്ടി കോൺക്രീറ്റ് നടത്തിയപ്പോഴാണ് റോഡ് ഇത്രയും ഉയർത്തുന്ന കാര്യം നാട്ടുകാർ അറിയുന്നത്.

അങ്ങാടിയിലേക്കു എത്തുന്ന പൊന്നാങ്കയം ഭാഗത്ത് നിന്നു വരുന്ന റോഡിൽ ഉണ്ടായിരുന്ന രണ്ടു കലുങ്കുകളും അടച്ച് ആ ഭാഗത്തെ വെള്ളം മുഴുവൻ അങ്ങാടിയിൽ എത്തിച്ച് തിരുവമ്പാടി റോഡിലെ ഓടയിലേക്കു തിരിച്ചുവിടുകയാണ്. കള്ളുഷാപ്പിനു മുൻപിൽ ഉണ്ടായിരുന്ന കാനയും ചെളിപൊയിൽ റോഡിൽ നിന്നു വരുന്ന കലുങ്കും ഇല്ലാതാക്കിയാണ് റോഡ് നവീകരണം നടത്തുന്നത്. തിരുവമ്പാടി റോഡിലുള്ള ചെറിയ ഓടയിലേക്കു മറ്റു റോഡുകളിലെ ഓടയിൽ നിന്നു വൻ തോതിൽ വെള്ളം എത്തുന്നതും പ്രതിസന്ധി ഉണ്ടാക്കും.

മലയോര ഹൈവേ നിർമാണത്തിന് എല്ലാ സഹകരണവും നൽകിയ നാട്ടുകാരെയും സ്ഥലം ഉടമകളെയും ദ്രോഹിക്കുന്ന വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് നാട്ടുകാരുമായി ചർച്ച നടത്തി പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കണമെന്നാണ് ജനങ്ങളുടെ  ആവശ്യം. ഇതിന് അധികൃതർ തയാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കാനും കോടതിയെ സമീപിക്കാനുമാണ് സ്ഥലം ഉടമകളുടെ തീരുമാനം.