ന്യൂഡൽഹി:
നേതൃമാറ്റത്തിന്‍റെ സൂചനകൾ നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കഴിഞ്ഞ ദിവസം നടത്തിയ ഒരു പരിപാടിയിലായിരുന്നു മുകേഷ് അംബാനിയുടെ പരാമർശം. തന്‍റെ തലമുറയിലെ മുതിർന്നവരിൽ നിന്ന് അടുത്ത തലമുറയിലെ യുവാക്കളിലേക്ക് നേതൃത്വം മാറ്റാനുള്ള പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാരുടെ പരിപാടിയിലാണ് മുകേഷ് അംബാനിയുടെ നിർണായക പരാമർശം. നേരത്തെ വാൾമാർട്ടിന്‍റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത് കൈമാറിയ രീതി മുകേഷ് അംബാനിയും പിന്തുടരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്‍റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും.
മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്തർ ഉപദേശകരായും ട്രസ്റ്റിൽ ഇടംപിടിക്കും. ഓയിൽ റിഫൈനറിൽ മുതൽ ഇ-കോമേഴ്സ് വരെ വ്യാപിച്ച് കിടക്കുന്ന റിലയൻസിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധരുടെ സംഘവുമുണ്ടാകും.