Wed. Jan 22nd, 2025
ഉത്തർപ്രദേശ്:

ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് വീരാംഗന റാണി ലക്ഷ്മിഭായ് എന്നാക്കി ഉത്തരവിട്ട് സർക്കാർ. കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് സംസ്ഥാന സർക്കാർ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് പേരുമാറ്റം അറിയിച്ചത്.

ഝാൻസി റെയിൽവേ സ്റ്റേഷൻ ഇനി ‘വീരംഗന ലക്ഷ്മിഭായ് റെയിൽവേ സ്റ്റേഷൻ’ എന്നറിയപ്പെടുമെന്ന് അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. യുപി സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മാറ്റം നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ റെയിൽവേ ആരംഭിച്ചതായും നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പിആർഒ പ്രയാഗ്രാജ് ശിവം ശർമ പറഞ്ഞു.
2021 നവംബർ 24 ന് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം നൽകിയ ഒബ്ജക്ഷൻ പ്രകാരമാണ് സ്റ്റേഷന്റെ പേര് മാറ്റിയതെന്ന് അറിയിപ്പിലുണ്ട്.

നേരത്തെ, മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷൻ എന്നായിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും മാറ്റിയിരുന്നു. സുൽത്താൻപൂർ, മിർസാപൂർ, അലിഗഡ്, ഫിറോസാബാദ്, മെയിൻപുരി എന്നിവയുടെ പേരുമാറ്റവും അടുത്ത് തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്. അതിനിടെ, ഘാസിപൂർ, ബസ്തിപൂർ എന്നീ നഗരങ്ങളുടെ പേരുകൾ മാറ്റുന്നതിനുള്ള നിർദ്ദേശങ്ങളും യോഗി സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.