Sat. Apr 5th, 2025
പാലക്കാട്:

റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന കാട്ടാനകളുടെ ജീവൻ രക്ഷിക്കാൻ വാളയാറിൽ അലാറം സ്ഥാപിച്ചു. ട്രെയിൻ വരുമ്പോൾ ഈ സംവിധാനത്തിലൂടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും. ഈ ശബ്ദം 500 മീറ്റർ വരെ കേൾക്കാനാകും.

ഇതോടെ  ആനകൾ ട്രാക്ക് മുറിച്ചു കടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഡിവിഷന് കീഴിലുള്ള വാളയാർ സ്റ്റേഷനിലാണ് സൗണ്ട് അലാറത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ട്രാക്കുകൾക്ക് സമീപം കാട്ടാനകളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ജിഎസ്എം (ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ) അധിഷ്ഠിത അലർട്ട് സംവിധാനത്തോടെയാണ് അലാറാം നിർമിച്ചിരിക്കുന്നത്.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന അലർട്ട് അലാറത്തിലൂടെ ട്രാക്കുകളിൽ കാട്ടാനകളെത്തിയാൽ എസ്എംഎസ് സംവിധാനം വഴി കൺട്രോൾ റൂമിൽ വിവരം ലഭിക്കും. ഈ സംവിധാനം പ്രവർത്തിക്കുന്നതിന് വാളയാർ സ്റ്റേഷനിൽ ഒരു സ്റ്റേഷൻ മാസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ലെവൽ ക്രോസിങ്‌ ഗേറ്റിൽ നേരത്തെ പ്രവർത്തിച്ചിരുന്ന സിസ്റ്റത്തിന്റെ നവീകരിച്ച പതിപ്പാണ് ഈ ഉപകരണം. ഗേറ്റിന് നൽകിയിട്ടുള്ള വൈദ്യുതി വിതരണം ഉപയോഗിച്ചാണ് നേരത്തെ പ്രവർത്തിച്ചിരുന്നത്.