Mon. Dec 23rd, 2024
ഇരിട്ടി:

പായം പഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ദിവസം കൊണ്ടു നിർമിച്ചത് 250 തടയണകൾ. പുഴകൾക്കും തോടുകൾക്കും 3 അടിയോളം ഉയരത്തിലാണു ജൈവ വസ്തുക്കൾ ഉപയോഗിച്ചു തടയണകൾ പണിതത്.  വേനൽക്കാലത്തു പുഴകളിലൂടെയും തോടുകളിലൂടെയും ഒഴുകി പാഴായി പോകുന്ന ജലം സംഭരിച്ചു നിർത്തി വരൾച്ചയെ പ്രതിരോധിക്കുകയാണു ലക്ഷ്യം.

മുൻ വർഷങ്ങളിൽ ഇപ്രകാരം തടയണ പണിതതു മൂലം കിണറുകളിലെ കുടിവെള്ള  ജലവിതാനം താഴാതിരുന്നതും പ്രചോദനമായി. പരിസ്ഥിതിക്കു കോട്ടം ഉണ്ടാകാതിരിക്കാൻ പുഴകല്ലുകൾ, മണൽ ചാക്കുകൾ എന്നിവയാണ് ഉപയോഗിച്ചത്.വിളമന, കൂമൻതോട് എന്നീ പ്രദേശങ്ങളിലെ പുഴകളിലും തോടുകളിലുമാണ് ആദ്യഘട്ടമെന്ന നിലയിൽ തടയണകൾ പണിതത്. 2–ാം ഘട്ടത്തിൽ 350 തടയണകൾ കൂടി പണിയും.

പഞ്ചായത്തിലാകെ ഈ വർഷം പുഴകൾ, തോടുകൾ, നീർച്ചാലുകൾ എന്നിവിടങ്ങളിലായി 600 തടയണകൾ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു വിളമനയിൽ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തിയ പ്രസിഡന്റ് പി രജനി പറഞ്ഞു.   തൊഴിലുറപ്പ് പ്രവർത്തകരുടെ സഹകരണത്തോടെയാണു തടയണ നിർമാണം. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എൻ ജെസ്സി, അംഗം ബിജു കോങ്ങാടൻ, സിഡിഎസ് അംഗം മായ രമേശൻ, രാധാമണി, അല്ലി രാജൻ എന്നിവർ പങ്കെടുത്തു.