ചെർക്കള:
കർഷകസംഘവും പാടശേഖര സമിതിയും നാട്ടുകാരും കൈകോർത്തു; പാടിയിലെ കൃഷിയിടം പച്ചപ്പണിയും. 20 ഹെക്ടർ നെൽവയലും 80 ഹെക്ടറോളം കവുങ്ങും 20 ഹെക്ടർ തെങ്ങും കൃഷിയുള്ള ജില്ലയിലെ പ്രധാനപ്പെട്ട ഹരിതഗ്രാമങ്ങളിലൊന്നാണിത്.
പ്രദേശത്തെ ഏക ജലസ്രോതസ്സായ മധുവാഹിനി പുഴയ്‌ക്ക് കുറുകെ ഇബ്രാംവളപ്പിൽ വെള്ളം കെട്ടിനിർത്തിയാണ് വേനലിൽ കൃഷിക്കുപയോഗിക്കുന്നത്. പൊട്ടിത്തകർന്ന പാലം തടയണ പുതുക്കിപ്പണിയണമെന്ന കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കർഷകസംഘം, പാടശേഖരസമിതി നേതൃത്വത്തിൽ നാട്ടുകാർ ഇത്തവണയും വെള്ളം തടഞ്ഞുനിർത്താനുള്ള തടയണ ഒരുക്കിയത്.
തടയണയുടെ അടിവശത്തെ കോൺക്രീറ്റ് ഇളകി മാറിയതിനാൽ പലകയിട്ടാലും വെള്ളംനിൽക്കാത്ത അവസ്ഥ. ഇതിനെ മറികടക്കാൻ മംഗളൂരുവിൽനിന്നും വലിയ ടാർപോളിൻ വാങ്ങി പുഴയുടെ അടിവശവും പലകയിട്ട ഭാഗവും മറയ്‌ക്കുന്നവിധം ഉറപ്പിച്ചാണ് വെള്ളം തടഞ്ഞുനിർത്തിയത്. ഏകദേശം 27,000 രൂപയാണ് തടയണ ഒരുക്കുന്നതിനായത്.
കർഷകരും നാട്ടുകാരും പിരിവെടുത്താണ് തുക കണ്ടെത്തുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥയ്‌ക്ക് ഈ വർഷം അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ തടയണയോടെയുള്ള പാലത്തിനായി മണ്ണുപരിശോധന പൂർത്തിയാക്കി രൂപരേഖ തയ്യാറാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ നടപടി പൂർത്തിയായാലുടൻ എസ്‌റ്റിമേറ്റ് തയ്യാറാക്കി ടെൻഡറും കഴിഞ്ഞ് പ്രവൃത്തി ആരംഭിക്കാനാകും. ഡോ. ഡി സജിത്‌ബാബു കലക്ടറായിരിക്കെയാണ് തടയണയോടുള്ള പാലമെന്ന ഗ്രാമവാസികളുടെ ആവശ്യത്തിന് ചിറകുമുളച്ചത്.