ന്യൂഡൽഹി:
പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ തിരുത്തി ജവഹർ ലാൽ നെഹ്റു സർവകലാശാല. ‘ലൈംഗികാക്രമണം ഒഴിവാക്കാൻ പെൺകുട്ടികൾ പുരുഷ സുഹൃത്തുക്കൾക്കിടയിൽ ഒരു രേഖ വരയ്ക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കണം’ എന്ന പരാമർശമാണ് സർക്കുലറിൽ തിരുത്തിയത്. ജനുവരി 17ന് നടക്കാനിരിക്കുന്ന ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കൗൺസലിങ് സെഷനെക്കുറിച്ച് വിദ്യാർത്ഥികളെ അറിയിച്ചുകൊണ്ടുള്ളതായിരുന്നു സർക്കുലർ.
സർവകലാശാലയുടെ ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റിയാണ് സർക്കുലർ പുറത്തിറക്കിയത്. വെബ്സൈറ്റിലും ഇവ പ്രസിദ്ധീകരിച്ചിരുന്നു. ലൈംഗികാക്രമണ സംഭവങ്ങളിൽ ഉത്തരവാദിത്തം പെൺകുട്ടികൾക്ക് തന്നെയാണെന്ന സർക്കുലർ ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
‘അടുത്ത സുഹൃത്തുക്കൾ ലൈംഗികാതിക്രമം നടത്തുന്നതായ ഒട്ടേറെ പരാതികൾ സമിതിക്ക് ലഭിക്കാറുണ്ട്. ആൺകുട്ടികൾ പലപ്പോഴും സൗഹൃദത്തിന്‍റെ അതിർവരമ്പ് ലംഘിക്കാറുള്ളതായി കാണുന്നു. അതുകൊണ്ട് ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകാതിരിക്കാൻ ആൺസൗഹൃദങ്ങൾക്കിടയിൽ വ്യക്തമായ അതിർവരമ്പ് വരക്കേണ്ടത് എവിടെയാണെന്ന് പെൺകുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്’ -സർക്കുലർ വിവരിക്കുന്നു. ഇതിൽ തിരുത്തൽ വരുത്തിയാണ് പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.
‘ലൈംഗികാക്രമണമായി കണക്കാക്കുന്ന സൗഹൃദവും പെരുമാറ്റവും സംബന്ധിച്ച് ആൺകുട്ടികളെ ബോധവൽക്കരിക്കും. ലൈംഗികാക്രമണങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് പെൺകുട്ടികളെയും ബോധവൽക്കരിക്കും’ -പുതിയ സർക്കുലറിൽ പറയുന്നു. ലൈംഗികാക്രമണത്തിന് വിധേയമാകുന്നവരെ അധിക്ഷേപിക്കുന്നതാണ് സർവകലാശാലയുടെ സർക്കുലർ എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി വിദ്യാർഥി യൂണിയനുകൾ അടക്കം രംഗത്തെത്തിയിരുന്നു.
കൂടാതെ ദേശീയ വനിത കമ്മീഷൻ സർക്കുലർ സ്ത്രീവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആൺസുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന് എവിടെയാണ് അതിർവരമ്പ് വേണ്ടതെന്ന് പെൺകുട്ടികൾ മനസ്സിലാക്കണം എന്ന് ആവശ്യപ്പെടുന്ന സർക്കുലർ സ്ത്രീവിരുദ്ധമാണെന്ന് വനിത കമീഷൻ അധ്യക്ഷ രേഖ ശർമ ആരോപിച്ചു.