ഈരാറ്റുപേട്ട:
കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന 2019 ജനുവരി ഒന്നിലെ സംസ്ഥാന ന്യൂനപക്ഷ കമീഷെൻറ ഉത്തരവിന് പുല്ലുവില. മൂന്നുവർഷം കഴിഞ്ഞിട്ടും ഈ ഉത്തരവിന് ചുവപ്പുനാടയിൽനിന്ന് മോചനമായില്ല. പൊതുപ്രവർത്തകനായ പൊന്തനാൽ ഷരീഫ് കമീഷനിൽ നൽകിയ ഹരജിയെ തുടർന്നായിരുന്നു ഉത്തരവ്.
ഈരാറ്റുപേട്ടയിൽനിന്ന് 32കിലോമീറ്റർ അകലെ കുറവിലങ്ങാട്ട് താലൂക്ക് ആശുപത്രി ഉണ്ടെന്ന കാരണത്താലാണ് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി സംസ്ഥാന സർക്കാർ ഉയർത്താത്തതത്രെ. 2021 ജനുവരി 18 ന് ഹൈകോടതിയും ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയതാണ്. ഒരു താലൂക്കിൽ ഒന്നിൽ കൂടുതൽ താലൂക്ക്ആശുപത്രി അനുവദിക്കുകയില്ലെന്നുമാണ് സർക്കാർ നിലപാട്.
എന്നാൽ, കൊച്ചി താലൂക്കിൽ നാല് താലൂക്ക് ആശുപത്രികളും പയ്യന്നൂർ താലൂക്കിൽ മൂന്ന് താലൂക്ക് ആശുപത്രികളും കേരളത്തിലെ മറ്റ് 16 താലൂക്കുകളിൽ രണ്ട് താലൂക്ക് ആശുപത്രികളും നിലവിലുണ്ടെന്ന് പൊതുപ്രവർത്തകനായ പൊന്തനാൽ ഷരീഫ് പറയുന്നു. മീനച്ചിൽ താലൂക്കിൽ 28 വില്ലേജുകളാണുള്ളത്. വലിയ താലൂക്കിൽ ഒന്നിൽ കൂടുതൽ താലൂക്ക് ആശുപത്രി അനുവദിക്കാമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
വലിയ താലൂക്കായ മീനച്ചിലിലെ പടിഞ്ഞാർ പ്രദേശമായ കുറവിലങ്ങാട്ട് ഒരു താലൂക്ക് ആശുപത്രിയുണ്ട്. ഈ താലൂക്കിലെ കിഴക്കൻ മലയോരമേഖലയായ ഈരാറ്റുപേട്ടയിൽ താലൂക്ക് ആശുപത്രിയില്ല. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക നഗരസഭയാണ് ഈരാറ്റുപേട്ട.
2021-2022ലെ സംസ്ഥാന ബജറ്റിൽ 595ാം നമ്പർ പ്രകാരം ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ സംബന്ധിച്ചുള്ള പ്രഖ്യാപനമുള്ളതാണ്. ജില്ല പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും ഈരാറ്റുപേട്ടയിൽ താലൂക്ക് ആശുപത്രി അനുവദിക്കണമെന്ന് പ്രമേയം പാസാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ഈരാറ്റുപേട്ടയിൽ വിവിധ സംഘടനകൾ സമരത്തിലാണ്.