Thu. Jan 23rd, 2025

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡ് മത്സരം സമനിലയില്‍. ന്യൂകാസിലിനായി സെന്‍റ് മാക്‍സിമനും യുണൈറ്റഡിനായി കവാനിയും ഗോള്‍ നേടി. പ്രീമിയർ ലീഗില്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്താണിപ്പോള്‍.

വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ന്യൂകാസില്‍ യുണൈറ്റഡ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ന്യൂകാസിലിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മൈതാനത്ത് തപ്പിതടഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ഏഴാം മിനുറ്റിലാണ് ന്യൂകാസില്‍ ആദ്യ വെടിപൊട്ടിച്ചത്.

പരിക്ക് മാറി തിരികെയെത്തിയ വരാനെയുടെ അബദ്ധം മുതലെടുത്ത് മുന്നേറിയ ന്യൂകാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനെ സാക്ഷിയാക്കി സെന്റ് മാക്‍സിമനിലൂടെ മനോഹരമായി ഫിനിഷ് ചെയ്തു. കളി തിരിച്ചു പിടിക്കാനാവാതെ കളി മറന്ന് കളിച്ച യുണൈറ്റഡിന് ആദ്യ പകുതിയിൽ നല്ലൊരു ഗോളവസരം പോലും സൃഷ്ടിക്കാനായില്ല. എന്നാല്‍ ന്യൂകാസിലാവട്ടെ തുടരെ തുടരെ ആക്രമണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു.

ഗോള്‍ ബാറിനു മുന്‍പില്‍ വന്‍മതിലായി നിന്ന ഡിഹിയ പതിവ് മാരക സേവുകളിലൂടെ ന്യൂകാസിലിന്‍റെ വിജയം തടഞ്ഞിട്ടു. രണ്ടാം പകുതിയിൽ യുണൈറ്റഡ് എഡിസൺ കവാനിയെയും ജാഡൺ സാഞ്ചോയെയും കളത്തിൽ ഇറക്കി. മാറ്റം ഫലം കണ്ടു. 71ആം മിനുട്ടിൽ കവാനി യുണൈറ്റഡിന്റെ രക്ഷകനായി.

75ആം മിനുട്ടിൽ ലഭിച്ച മികച്ച അവസരം ഇത്തവണ ലക്ഷ്യത്തിലെത്തിക്കന്‍ താരത്തിനായില്ല. 88ആം മിനുട്ടിൽ ന്യൂകാസിലിന്റെ മർഫി തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഈ സമനിലയോടെ യുണൈറ്റഡ് 28 പോയിന്റുമായി ഏഴാം സ്ഥാനത്തും ന്യൂകാസിൽ 11 പോയിന്റുമായി 19ആം സ്ഥാനത്തുമാണ്.