Thu. Jan 23rd, 2025

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ ഗുരു സോമസുന്ദരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അഭിനയിക്കും. താരം തന്നെയാണ് ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ബറോസിൽ അഭിനയക്കുന്നതിനെക്കുറിച്ച് മിന്നൽ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുൻപുതന്നെ മോഹൻലാലുമായി സംസാരിച്ചിരുന്നു എന്നാണ് ഗുരു സോമസുന്ദരം അഭിമുഖത്തിൽ പറഞ്ഞത്.

മലയാളത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും ഗുരു പറഞ്ഞു.

തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിരുന്നു ഗുരു. 2011 ല്‍ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെയാണ് ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തിയത്.

2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിൽ ഫോട്ടോഗ്രാഫറുടെ വേഷമിട്ടാണ് ഗുരു സോമസുന്ദരം മലയാളത്തിലെത്തി‍യത്.