ന്യൂമാഹി:
പഞ്ചായത്തിലെ മങ്ങാട് ദ്വീപ് പ്രദേശത്തെ നിരവധി വീട്ടുകിണറുകളിലെയും പൊതു ജലസ്രോതസ്സുകളിലെയും വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തൽ.
ഗ്രീൻ കേരള മിഷൻ നടത്തിയ ജല സാമ്പ്ൾ പരിശോധനയിലാണ് മങ്ങാട്ടെ 15 കിണറുകളിലും ഒരു തോട്ടിലും കോളിഫോം ബാക്ടീരിയ (ഇ കോളി) സാന്നിധ്യം കണ്ടെത്തിയത്. ഇവ കുടിക്കാൻ യോഗ്യമല്ല.
18 കിണറുകളിലും രണ്ടു കുളങ്ങളിലും അനുവദനീയമായ നിരക്കിനു താഴെയാണ് പി എച്ച് മൂല്യം. മങ്ങാട് ദ്വീപ് പ്രദേശത്തെ കിണറിലെ ജലപരിശോധനഫലം നൽകുന്ന സൂചനകൾ ആശങ്കയുളവാക്കുന്നതാണ്. 58 സാമ്പിളുകളാണ് പരിശോധിച്ചത്. ശേഖരിച്ചവയിൽ ചിലത് ബോട്ടിൽ മോശമായതിനാൽ ഒഴിവാക്കി.
വിജയൻ കൈനാടത്ത്, ബാലൻ വയലേരി ലിബാസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കിണർവെള്ളം ശേഖരിച്ചത്. ശുദ്ധജലത്തിെൻറ ശരാശരി പി എച്ച് മൂല്യം ഏഴ് ആണ്. 6.5നും എട്ടിനും ഇടയിലാണ് അനുവദനീയമായി കണക്കാക്കപ്പെടുന്നത്. ഇതിൽ താഴെയുള്ളവ അമ്ലജലമായും കൂടുതലുള്ളത് ആൽക്കലൈനുമായാണ് കണക്കാക്കുന്നത്.
ജലത്തിൽ അമ്ലസ്വഭാവം രൂപപ്പെടുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഇവിടെ പ്രധാനമായും കെമിക്കൽ അടങ്ങിയ മാലിന്യം കലരുന്നതാവാം. മാലിന്യക്കൂമ്പാരത്തിൽ പലതരം പ്ലാസ്റ്റിക് ബാഗുകൾ, കണ്ടെയ്നറുകൾ, കളിക്കോപ്പുകൾ, കുപ്പികൾ, മരുന്നുകൾ എന്നിവ സുലഭമായി കാണപ്പെടുന്നുണ്ട്.
സാന്ദ്രത കൂടിയ ലോഹങ്ങളായ ലെഡ്, ആർസനിക്, നിക്കൽ, ചെമ്പ്, കാഡ്മിയം, ക്രോമിയം, സിങ്ക് എന്നിവ ലയിച്ചാൽ ജലത്തിൽ അമ്ലാംശം കൂടാനിടയാക്കും. പൊതുജനങ്ങൾ അശ്രദ്ധമായി വലിച്ചെറിയുന്ന വസ്തുക്കളാണ് ഇതിന് കാരണമാവുന്നത്. ഇവയിൽ പല ലോഹങ്ങളും അർബുദത്തിന് കാരണമാകുമെന്നും പഠനങ്ങളുണ്ട്.
ഛർദി, വയറുവേദന, പല്ലിന് ക്ഷതം, പ്രതിരോധ ശേഷിക്കുറവ്, ശ്വാസംമുട്ടൽ, ബലഹീനത തുടങ്ങിയവക്കും ഇവ കാരണമാകാം. ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ അടിയന്തര ശ്രദ്ധയും ഇടപെടലും ഈ സാഹചര്യം ആവശ്യപ്പെടുന്നതായി മയ്യഴിപ്പുഴ സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. ഈ അതിഗുരുതര സാഹചര്യം വളരെ ഗൗരവതരമാണ്. പ്രദേശത്തെ ജനങ്ങളും പഞ്ചായത്തും രാഷ്ട്രീയപാർട്ടികളും യുദ്ധകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്ത് ഉടൻ പരിഹാരം കണ്ടെത്തണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതിക്കുവേണ്ടി വിജയൻ കൈനാടത്ത്, ലിബാസ് മങ്ങാട്, സി കെ രാജലക്ഷ്മി എന്നിവർ ആവശ്യപ്പെട്ടു.