Thu. Dec 19th, 2024
ബാലുശ്ശേരി:

കലുങ്കു തകർന്നതും അരിക് ഇടിഞ്ഞതും തലയാട് – വയലട റോഡിലെ യാത്ര ദുരിതപൂർണമാക്കുന്നു. ക്വാറിയിൽ നിന്ന് അമിത ഭാരം കയറ്റി ലോറികൾ പോകുന്നത് റോഡിന്റെ തകർച്ചയ്ക്കു കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടു കലുങ്കുകൾ നേരത്തെ തകർന്നു.

ഇപ്പോൾ മണിച്ചേരി ഭാഗത്തുള്ള മൂന്നാമത്തെ കലുങ്കും നാശത്തിലാണ്. വിനോദ സഞ്ചാര കേന്ദ്രമായ വയലട, മുള്ളൻപാറ എന്നിവിടങ്ങളിലേക്ക്  ഒട്ടേറെ സഞ്ചാരികൾ എത്തുന്ന റൂട്ടിലാണ് അപായസാധ്യത.
പലപ്പോഴും യാത്രക്കാർക്കു മടങ്ങിപ്പോകേണ്ടി വരുന്നു.

ക്വാറിയിൽ നിന്ന് അമിത ഭാരം കയറ്റി ലോറികൾ നിരന്തരം കടന്നു പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ അൽപം നിയന്ത്രണം ഉണ്ടാകും. ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയ രീതിയിൽ ഭാരവാഹനങ്ങൾ പോവുകയാണ്. കാവുംപുറം ഭാഗത്ത് തകർന്ന കലുങ്ക് പുതുക്കിപ്പണിയാൻ 40 ലക്ഷം അനുവദിച്ചിരുന്നു. ഭാരവാഹനങ്ങളെ നിയന്ത്രിക്കാതെ മലയോര റോഡ് സംരക്ഷിക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ കർശന നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.