Sun. Dec 22nd, 2024
കാസർകോട്‌:

ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രിയോടു കാസർകോട് ടൗൺ ഗവ യുപി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നടങ്കം ചോദിക്കുന്നു. ഞങ്ങൾക്കൊരു പുതിയ കെട്ടിടം തരുമോ?  കുട്ടികളുടെ എണ്ണം വർഷം തോറും വർദ്ധിക്കുമ്പോഴും ആവശ്യത്തിന്‌ ക്ലാസ്‌മുറികളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രയാസത്തിലാണ് കാസർകോട്‌ ഗവ യുപി സ്‌കൂൾ.  കൊവിഡ് കാലത്തിന്‌ മുമ്പ്‌ അഞ്ഞൂറിൽ താഴെയായിരുന്നു  വിദ്യാർത്ഥികൾ.

കഴിഞ്ഞ അധ്യയനത്തിൽ  ഇത് 541 ആയി ഉയർന്നു. എന്നാൽ ഇത്തവണ വിദ്യാർത്ഥികൾ 668 ആയി. ഇതുകൂടാതെ പിടിഎ നടത്തുന്ന പ്രീപ്രൈമറിയിൽ 100 കുട്ടികൾ വേറെയുമുണ്ട്‌. എന്നാൽ അഞ്ഞൂറിൽ താഴെ വിദ്യാർത്ഥികൾക്ക്‌ പഠിക്കാനാവശ്യമായ ഡസ്‌കും ബെഞ്ചും ഉൾപ്പെടെയുള്ള സൗകര്യം മാത്രമാണുള്ളത്‌.

നിലവിലുള്ള കെട്ടിടങ്ങളിൽ രണ്ടെണ്ണം ഓടിട്ടതും 66 വർഷം പഴക്കമുള്ളതുമാണ്‌.130 വർഷത്തിലധികം പഴക്കമുള്ളതാണ്‌ വിദ്യാലയം. ആദ്യകാലത്ത്‌ കാസർകോട്ടെ ആശുപത്രിയും മോർച്ചറിയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്‌ സ്‌കൂളിന്‌ വിട്ടുകിട്ടിയത്‌.

അന്നുള്ള കെട്ടിടമാണ്‌ കഴിഞ്ഞവർഷം വരെ ഉപയോഗിച്ചത്‌. ഇത്തവണ സുരക്ഷ ഇല്ലെന്ന കാരണത്താൽ നഗരസഭയുടെ സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ  കെട്ടിടം ഉപയോഗിക്കാനുമായില്ല. ഈ കെട്ടിടം പൊളിച്ചുമാറ്റി 15 ക്ലാസ്‌ മുറിയെങ്കിലും പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌.

സയൻസ്‌ ലാബ്‌, കംപ്യൂട്ടർ ലാബ്‌, ലൈബ്രറി എന്നിവയ്‌ക്കും പ്രത്യേക മുറികളില്ല. ഒരു ക്ലാസ്‌മുറിയാണ്‌ കംപ്യൂട്ടർ ലാബായി ഉപയോഗിക്കുന്നത്‌. സയൻസ്‌ ലാബും ലൈബ്രറിയും കൂടി ഒറ്റ മുറിയിലാണുള്ളത്.