പനമരം:
ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചു പണി തുടങ്ങിയ താളിപ്പാറ പാലം നിർമാണം 3 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. പനമരം – പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം നിർമാണമാണ് ഇപ്പോഴും ഇഴയുന്നത്. പാലത്തിനൊപ്പം അനുബന്ധ റോഡു കൂടി നിർമിക്കാൻ 17.5 കോടി രൂപയാണു നീക്കിവച്ചത്.
എന്നാൽ, പാലത്തിന്റെ ഒരു തൂണിന്റെയും ഒരു ഭാഗത്തെ സംരക്ഷണഭിത്തിയുടെയും നിർമാണം മാത്രമാണ് പൂർണമായും പൂർത്തീകരിച്ചത്. ബാക്കി നിർമാണങ്ങളെല്ലാം ഇരുകരകളിലുമായി ഇഴഞ്ഞു നീങ്ങുന്നു. പ്രളയവും ലോക്ഡൗണുമാണു നിർമാണം വൈകാൻ കാരണമായി അധികൃതർ പറയുന്നത്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലം പണിക്ക് പത്തിൽ താഴെ പണിക്കാരേയുള്ളൂ. ഈ രീതിയിലാണ് പണിയെങ്കിൽ വർഷങ്ങൾ കഴിഞ്ഞാലും പണി പൂർത്തിയാകില്ലെന്നാണു നാട്ടുകാർ പറയുന്നത്. അപ്രോച്ച് റോഡിനായി നിലവിലുള്ള റോഡ് മണ്ണിട്ടുയർത്തിയെങ്കിലും പണി പൂർത്തിയാകാത്തതിനാൽ മഴക്കാലത്ത് ചെളിയും വേനലിൽ പൊടിയും മൂലം നാട്ടുകാർ ദുരിതത്തിലാണ്.
പാലം പണി പൂർത്തിയായാൽ പ്രദേശത്തുളളവർക്ക് കൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താം. പാലം പണി ഇനിയെങ്കിലും വേഗം പൂർത്തിയാക്കാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.