നാഗാലാൻഡ്:
അഫ്സ്പ പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. നാഗാലാൻഡിലെ സാഹചര്യം ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും നാഗാലാൻഡിൽ അഫ്സ്പ പിൻവലിക്കലിൽ തീരുമാനമെടുക്കുക. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് സമിതി അധ്യക്ഷൻ. അഫ്സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിവെപ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. സംശയം തോന്നുന്ന ആരെയും അനുമതിയില്ലാതെ വെടിവെക്കാൻ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്പ.
നാഗാലാൻഡ്, അസം മുഖ്യമന്ത്രിമാരുമായി വ്യാഴാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തിയിരുന്നു. അഫ്‌സ്പ പിൻവലിക്കണം എന്നാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിയും യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ അസം മുഖ്യമന്ത്രി അഫ്‌സ്പയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.