Mon. Dec 23rd, 2024
കാസർകോട്:

സ്റ്റെതസ്കോപ്പും സിറിഞ്ചും മാത്രമല്ല പെയിന്റിങ്ങും തങ്ങൾക്കു വഴങ്ങുമെന്ന് കാസർകോട് ജനറൽ ആശുപത്രിയിലെ ജീവനക്കാർ തെളിയിച്ചു. പുതുവർഷത്തിൽ രോഗികളെത്തുമ്പോൾ കളറായ ആശുപത്രിയാകും അവർക്കു മുന്നിലുണ്ടാവുക. എല്ലാ ജീവനക്കാരുടെയും കൂട്ടായ ശ്രമത്തിനു സാക്ഷ്യം വഹിച്ചവരും വലിയ കൗതുകത്തിലായിരുന്നു.

ഇവർ ഇങ്ങനൊക്കെ ചെയ്യുമോ എന്ന കൗതുകം. ആരുടെയും നേതൃത്വത്തിലല്ല, കൂട്ടായ്മയുടെ പ്രവർത്തനങ്ങളാണിതെന്നു പറയാനാണ് ജീവനക്കാർക്കിഷ്ടവും. ഡ്യൂട്ടിയും കഴിഞ്ഞ് ആശുപത്രിയെ മൊഞ്ചാക്കാനുള്ള സേവന പ്രവർത്തനങ്ങളാണ് തങ്ങളെ പരിചരിച്ചവർ നടത്തുന്നതെന്ന് അറിഞ്ഞപ്പോൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്തോഷം ഇരട്ടിയായി.

കൊവിഡ് കാലത്ത് മികച്ച സേവനം നൽകിയ ചികിത്സാ കേന്ദ്രമാണ് കാസർകോട് ജനറൽ ആശുപത്രി. പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നും കോവിഡ് രോഗികൾക്ക് മികച്ച പരിചരണമാണ് നൽകിയത്. ഡോക്ടർമാർ മുതൽ നഴ്സുമാർ തുടങ്ങി ശുചീകരണ ജീവനക്കാരും മറ്റു ജീവനക്കാരുമൊക്കെ വിശ്രമമില്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൊയ്തത്.

തിരക്കേറിയ ഡ്യൂട്ടി കഴിഞ്ഞതിനു ശേഷവും ഇവിടത്തെ ഡോക്ടർമാരും നഴ്സുമാരും ഹെഡ് നഴ്സുമാരും നഴ്സിങ് അസിസ്റ്റൻറുമാരും ഗ്രേഡ് 1 ,ഗ്രേഡ് 2 ജീവനക്കാരും സുപ്രണ്ട് അടക്കമുള്ള ജീവനക്കാരുമൊക്കെ  സേവനത്തിരക്കിലാണ്, ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടിക്കലും വാരലും പെയിന്റടിയുമൊക്കെയായി ആശുപത്രിയിൽ നിറഞ്ഞ് നിൽക്കുകയാണ് ഈ സംഘം.