ഹരിയാന:
ഗുരുഗ്രാമിൽ ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിയിൽ ഹിന്ദുത്വ പ്രവർത്തകരുടെ അക്രമം. വ്യാഴാഴ്ച വൈകീട്ടാണ് ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ ‘ജയ് ശ്രീരാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി പള്ളിയിൽ അതിക്രമിച്ചു കയറിയത്.
ഇവർ സ്റ്റേജിൽ കയറി ഗായകസംഘത്തെ തള്ളിത്താഴെയിടുകയും മൈക്ക് കേടുവരുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഗുരുഗ്രാമിൽ തുറന്നസ്ഥലങ്ങളിൽ ജുമുഅ നമസ്‌കാരം നടത്തുന്നത് ഹിന്ദുത്വസംഘടനകൾ വ്യാപകമായി തടസ്സപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്രിസ്ത്യൻ പള്ളികൾക്ക് നേരെയും അക്രമം നടന്നിരിക്കുന്നത്.
”ചർച്ചിന് ചുറ്റും സ്ത്രീകളും കൂട്ടികളും കൂടിനിൽക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. ഓരോ ദിവസം കൂടുംതോറം ശല്യം കൂടിവരികയാണ്. ഇത് ഞങ്ങളുടെ പ്രാർത്ഥിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്”- പ്രദേശത്തെ ഒരു പാസ്റ്റർ വാർത്താ ഏജൻസിയോട് പറഞ്ഞു.