Wed. Nov 6th, 2024
പന്തീരാങ്കാവ്:

പന്തീരാങ്കാവ് അങ്ങാടിയിൽ വാഹനങ്ങൾ കുഴിയിൽ താഴ്‌ന്ന് ഗതാഗതം സ്തംഭിച്ചു. രാവിലെ ബസ്സും വൈകിട്ട് ലോഡ് കയറ്റിവന്ന ടോറസ് ലോറിയുമാണ് കുഴിയിൽ താഴ്‌ന്നത്. ജൽ ജീവൽ പദ്ധതിയുടെ ഭാഗമായി പന്തീരാങ്കാവ് അങ്ങാടിയിൽ പൈപ്പിട്ട് മൂടിയ ഭാഗങ്ങളിലാണ് വാഹനങ്ങൾ താഴ്‌ന്നത്.

രാവിലെ ടൗണിലേക്ക് പോകുന്ന ബസ്സാണ് പന്തീരാങ്കാവിലെ പഞ്ചായത്ത് ബിൽഡിങ്ങിനുസമീപം താഴ്‌ന്നത്. യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ്സിനെ തള്ളിനീക്കി. വൈകിട്ടോടെയാണ് പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിലേക്കുള്ള റോഡിനുസമീപം ടോറസ് താഴ്‌ന്നത്‌.

വാഹനം തള്ളിക്കയറ്റാനുള്ള ശ്രമം വിഫലമായതോടെ പന്തീരാങ്കാവിൽ വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു. പൈപ്പിടാൻ കുഴികളെടുക്കുന്നത് വലിയ ജെസിബി ഉപയോഗിച്ചാണ്. എന്നാൽ പൈപ്പിട്ടശേഷം കുഴികൾ നികത്തി മണ്ണുറപ്പിക്കുന്നതിലെ അപാകമാണ് വാഹനങ്ങൾ താഴാൻ കാരണം.