Mon. Dec 23rd, 2024
വത്തിക്കാൻ:

സ്വാർഥതയും അഹങ്കാരവും പദവിയുടെ അഹമ്മതിയും മറന്ന് വിനീതരാതകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തുമസ് രാവിലാണ് മാർപാപ്പയുടെ ക്രിസ്തുമസ് സന്ദേശം. എളിമയോടെ അശരണർക്ക് അഭയമാകണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. വത്തിക്കാനിലെ ഭരണകർത്താക്കളെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഹങ്കാരികൾ തെറ്റുകൾ വീണ്ടും ആവർത്തിക്കുന്നു, അവർ സമവായത്തിന്റെ വഴികൾ തേടാറില്ല. പാരമ്പര്യത്തെ കുറിച്ച് ആകുലപ്പെട്ട് ഭാവിയെ മറക്കുന്നതല്ല എളിമ. നല്ലതിനെന്ന പേരിൽ പാരമ്പര്യം പറഞ്ഞ് അഴിമതി തുടരുന്നത് ഒഴിവാക്കിയേ മതിയാവൂ മാർപാപ്പ പറഞ്ഞു.

പദവിയുടെ ആഢംബരങ്ങളിൽ ഭ്രമിച്ച് പാവങ്ങളെ മറക്കുന്നതിനെ കുറിച്ച് പറഞ്ഞ മാർപാപ്പ ബൈബിളിലെ നാമാൻറെ കഥയും ഓർമിപ്പിച്ചു. നാമെല്ലാം എളിമയിലേക്ക് വിളിക്കപ്പെട്ടവരാണ്. അഴിമതികൾ മൂടിവയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാകണം. വിനീതമായി സ്മരിക്കാനും ജീവനേകാനും വിളിക്കപ്പെട്ടവരാണ് നമ്മൾ എളിമയില്ലെങ്കിൽ നാം രോഗികളാകും, മാർപാപ്പ മുന്നറിയിപ്പു നൽകി.