വടക്കഞ്ചേരി:
കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിക്കുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധം. പഞ്ചായത്തിൻറെ അനുമതിയോ ഒരുവിധ സുരക്ഷ മാനദണ്ഡമോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്സിങ് പ്ലാന്റ് ആരംഭിക്കാൻ പോകുന്നത്. ജനവാസ മേഖലയായ ഇവിടെ പ്ലാന്റ് സ്ഥാപിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.
പ്ലാന്റിന് സമീപത്തായി നാല് വാർഡുകളിലെ എഴുനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടും ഉടമകൾ അതൊന്നും ചെവിക്കൊള്ളാൻ തയാറാവുന്നില്ല. പ്ലാന്റിൻറെ പണി ഇപ്പോൾ അവസാനഘട്ടത്തിലുമാണ്.
ചൂർകുന്നിൽ പ്ലാന്റ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം കണ്ണമ്പ്ര ഒന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രക്ഷോഭം ഏരിയ കമ്മിറ്റി അംഗം ടി കണ്ണൻ ഉദ്ഘാടനം ചെയ്തു. സി പി ചന്ദ്രൻ അധ്യക്ഷനായി. സിപിഎം ലോക്കൽ സെക്രട്ടറി എം കൃഷ്ണദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം കെ സുരേന്ദ്രൻ, കെ രതീഷ്, കെ സുലോചന, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് എം സുമതി, വൈസ് പ്രസിഡന്റ് കെആർ മുരളി, അഡ്വ രവീന്ദ്രൻ കുന്നംപുള്ളി, സ്വരൂപ്, ഡി റെജിമോൻ എന്നിവർ സംസാരിച്ചു. പ്ലാന്റ് നിർമാണം നിർത്തിവെക്കാൻ തയാറായില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ലോക്കൽ സെക്രട്ടറി എം കൃഷ്ണദാസ് അറിയിച്ചു.