Thu. Jan 23rd, 2025

സ്പൈഡര്‍ മാന്‍ , ബാറ്റ് മാൻ, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക് -അമാനുഷികതകൾ കൊണ്ട് വിസ്മയ കാഴ്ചകളൊരുക്കുന്ന നിരവധി സൂപ്പർ ഹീറോസിനെ നമ്മൾക്കറിയം. അവർക്കിടയിലേക്കാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത തെന്നിന്ത്യയിൽ നിന്നുള്ള ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി നെറ്റ്ഫ്ലിക്‌സിലൂടെ എത്തുന്നത്.

1990കളിലാണ് കഥ നടക്കുന്നത്. കുറുക്കൻമൂലയെന്ന ഗ്രാമമാണ് കഥാപരിസരം. കുറെ സാധാരണ മനുഷ്യർ ജീവിക്കുന്ന ഗ്രാമം മാത്രമാണത്. അവിടത്തുകാരനായ ജെയ്സൺ (ടോവിനോ തോമസ്) എന്ന ചെറുപ്പക്കാരന് ഒരു രാത്രിയിൽ അപ്രതീക്ഷിതമായി മിന്നലേൽക്കുന്നു.

മുൻ കാമുകിയിൽ നിന്ന് കിട്ടിയ ‘തേപ്പ്’ കാരണം നിരാശകാമുകനായി ജീവിക്കുന്ന, അമേരിക്കയിൽ പോകാൻ കച്ചകെട്ടി നടക്കുന്ന ജെയ്സണ് ഇടിമിന്നൽ ഏൽക്കുന്നതോടെ അമാനുഷിക ശക്തി ലഭിക്കുന്നു.

എന്നാൽ ഇതിലെ രസകരമായ വസ്തുത എന്താണെന്നാൽ നായകനും വില്ലനും ഒരേ സമയത്താണ് മിന്നലേൽക്കുന്നത് എന്നതാണ്. അപ്രതീക്ഷിതമായ ആ മിന്നലേറ്റ്​ രണ്ടുപേർക്കും അസാധാരണ ശക്‌തി ലഭിക്കുന്നുണ്ട്​. മനുഷ്യശരീരത്തിന്​ മിന്നലേറ്റാൽ ജീവൻ പോകുമെന്ന്​ സിനിമയിൽ ഫിസിക്സ്​ അദ്ധ്യാപിക വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്​. എന്നാൽ, ജെയ്‌സണും എതിരാളിയായ ഷിബുവിനും സംഭവിക്കുന്നത് നേർവിപരീതമാണ്.

ആക്‌ഷൻ, ഇമോഷൻ, കോമഡി എല്ലാത്തിനും അതിന്റെതായ ഇടവുമുണ്ട് സിനിമയിൽ. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരം തന്നെയാണ് സിനിമയുടെ നട്ടെല്ല്. ജീവിതത്തിൽ ഒരുപാട് അവഗണനകളും പരിഹാസങ്ങളും പരാജയങ്ങളും അനുഭവിച്ച ഷിബുവായി ഗുരു സോമസുന്ദരം തകർത്ത്​ അഭിനയിച്ചു. ഹാസ്യത്തിൽ നിന്നും തുടങ്ങി ഒടുവിൽ ത്രില്ലിങായി തന്നെയാണ് സിനിമ അവസാനിക്കുന്നത്.