Mon. Dec 23rd, 2024
പാലക്കാട്:

യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നവിധം ബസിലെ വാതിൽ തുറന്നിട്ടാൽ പിടിവീഴും. പരിശോധന കർശനമാക്കി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്. എല്ലാ റൂട്ടുകളിലേയും ബസ് ജീവനക്കാർക്ക് പ്രത്യേകം നിർദേശം നൽകി.

പാലക്കാട് ഡിവൈഎസ്‌പി പി സി ഹരിദാസിന്റെ നിർദേശപ്രകാരം ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐമാരായ എം ഹംസ, ഷാഹുൽ ഹമീദ്, മധുസൂദനൻ, ഭുവനദാസ്, ഷണ്മുഖൻ എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി വിവിധ ഭാഗങ്ങളിൽ പരിശോധിച്ചു.
കൽമണ്ഡപം, ചക്കാന്തറ, മണപ്പുള്ളിക്കാവ്, ശേഖരീപുരം, പാലാട്ട് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 44 ബസുകൾക്കെതിരെ കേസെടുത്ത്‌ പിഴ ഈടാക്കി. സ്‌കൂളുകളും സ്ഥാപനങ്ങളും തുറന്ന സാഹചര്യത്തിൽ ബസിൽ തിരക്ക് വർധിച്ചു. കൂടുതൽ അപകടങ്ങൾക്ക്‌ ഇടയാകാതിരിക്കാനാണ് പരിശോധന കർശനമാക്കിയത്.