Sat. Nov 23rd, 2024
കുറ്റൂർ:

വാർഡിലെ മിനി എംസിഎഫിൽ കുന്നുകൂടിയ മാലിന്യം സ്വന്തം വസ്തുവിൽ പഞ്ചായത്തംഗം കുഴിച്ചു മൂടിയിട്ടും രക്ഷയില്ല. ദിവസങ്ങൾക്കുള്ളിൽ മിനി എംസിഎഫും റോഡും നിറഞ്ഞ് മാലിന്യ കൂമ്പാരമായി. പഞ്ചായത്ത് തൈമറവുംകര വാർഡംഗം സിന്ധു ലാൽ ആണ് തന്റെ വാർഡിലെ മിനി എംസിഎഫിൽ നിറഞ്ഞുകിടന്ന മാലിന്യം ഭർത്താവ് ലാൽ പി രാജ്, മകൻ പ്രണവ് ലാൽ എന്നിവരുടെ സഹായത്തോടെ കുഴിച്ചുമൂടിയത്. ഇവരുടെ വീടിനു സമീപമുള്ള 5 സെന്റ് കൃഷിയിടത്തിലാണ് മണ്ണുമാന്തി ഉപയോഗിച്ച് 2 മാസം മുൻപു ഇതു ചെയ്തത്.

പല പ്രാവശ്യം പഞ്ചായത്തിൽ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ വരികയും നാട്ടുകാർ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്തതോടെയാണ് മാലിന്യം സ്വയം നീക്കം ചെയ്യാൻ തയാറായത്. മറ്റാരും സ്ഥലം നൽകാൻ തയാറാകാതിരുന്നതോടെയാണ് 5 സെന്റ് മാത്രമുള്ള കൃഷിയിടത്തിൽ കുഴിയെടുത്തത്. മിനി എംസിഎഫിൽ നിന്ന് 4 കിലോമീറ്റർ ദൂരം 3 പെട്ടിവണ്ടി നിറയെ മാലിന്യം മറവു ചെയ്യാനായി കൊണ്ടുവരേണ്ടിവന്നു.

പ്രശ്നം ഇവിടെ തീരുമെന്നു കരുതിയെങ്കിലും പിറ്റേദിവസം മുതൽ വീണ്ടും മാലിന്യം ഇടാൻ തുടങ്ങി. ഇപ്പോൾ ഇവിടെ മാലിന്യം നിറഞ്ഞുകിടക്കുകയാണ്. പഞ്ചായത്ത് മാലിന്യം നീക്കം ചെയ്തിട്ട് 6 മാസത്തിലധികമായി.

ഹരിത കർമ സേന വീടുകളിൽ നിന്നെടുക്കുന്ന മാലിന്യം പ്രധാന എംസിഎഫിൽ കൊണ്ടു പോകുന്നതിനു മുൻപ് സൂക്ഷിക്കാനുള്ള ഇടമാണ് വാർഡ് തോറുമുള്ള മിനി എംസിഎഫ്. തരംതിരിച്ച മാലിന്യങ്ങൾ മാത്രമേ ഇവിടെ സൂക്ഷിക്കാറുള്ളു. എന്നാൽ ഇവിടെ ഏതു മാലിന്യവും തള്ളാനുള്ള ഇടമാണെന്ന ധാരണയിൽ നാട്ടുകാർ ഇടാൻ തുടങ്ങി.

ചീഞ്ഞളിഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ മാലിന്യം നീക്കം ചെയ്യാൻ സേന തയാറാകാതിരുന്നതോടെയാണ് മിനി എംസിഎഫുകൾ മാലിന്യ കൂമ്പാരങ്ങളായി മാറിയത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും സ്ഥിതി ഇതുതന്നെയാണ്.