Sat. Jan 18th, 2025
തിരുവനന്തപുരം:

പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനും മകൾക്കുമെതിരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ മകൾ നൗറിൻ (17) എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. നാലംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞു നിർത്തി മർദ്ദിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ മുഖത്തടിച്ച് മുടിയിൽ കുത്തി പിടിച്ചു. പിതാവിനെയും മർദിച്ചു. ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.