Sat. Nov 23rd, 2024
ബംഗളുരു:

ഓൺലൈനിൽ തേങ്ങ ഓർഡർ ചെയ്ത യുവതിക്ക് 45,000രൂപ നഷ്ടമായി. സംഭവത്തില്‍ സ്ത്രീ നല്‍കിയ പരാതി പ്രകാരം രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മല്ലികാര്‍ജുന, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ബംഗളുരുവിലെ വിമാനപുരത്ത് കട നടത്തിവരികയായിരുന്ന സ്ത്രീയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. കടയിലേക്ക് ആവശ്യമായ തേങ്ങക്കായി ഗഗൂഗിളിൽ കണ്ട നമ്പറിൽ വിളിക്കുകയായിരുന്നു ഇവർ. മൈസൂരുവില്‍ നിന്നുള്ള മല്ലികാര്‍ജുനന്റെ നമ്പറിൽ വിളിക്കുകയും തേങ്ങ ഇടപാടിന് ധാരണയാവുകയും ചെയ്തു.

എന്നാല്‍ തേങ്ങ ലഭിക്കുന്നതിന് മുമ്പ് തന്നെ മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇവർ ഗൂഗിള്‍ പേ വഴി തുക കൈമാറി. ഏറെ നാള്‍ കഴിഞ്ഞിട്ടും തേങ്ങ ലഭിക്കായതോടെ മല്ലികാര്‍ജുനനെ തിരഞ്ഞ് ഇയാള്‍ നേരത്തെ പറഞ്ഞ അഡ്രസില്‍ സ്ത്രീ മൈസൂരുവിലെ ആർ എം സി യാര്‍ഡിലെത്തി. എന്നാല്‍ അവിടെ മല്ലികാര്‍ജുന്‍ എന്ന പേരില്‍ ആരും ഉണ്ടായിരുന്നില്ല.

മല്ലികാര്‍ജുനനെ വിളിച്ചപ്പോള്‍ തന്‍റെ കട അവിടയല്ലെന്നും പാണ്ഡവപുരത്താണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അവിടെയെത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ല. ഇതോടെയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്.