Fri. Nov 22nd, 2024
കൊട്ടിയം:

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നു സിൽവർ ലൈൻ വേഗ റെയിൽ പാതയ്ക്കുള്ള കല്ലിടൽ ഇന്നലെ നടന്നില്ല. തിങ്കൾ രാവിലെ മുതൽ വൈകിട്ടു വരെ നടന്ന ശക്തമായ പ്രതിഷേധം ഉയർന്നതിനാൽ ആദിച്ചനല്ലൂർ പഞ്ചായത്തിൽ ഇരുപതാം വാർഡിൽ 2 സ്ഥലത്ത് മാത്രമാണ് കല്ലിടാൻ സാധിച്ചത്. വഞ്ചിമുക്കിൽ വീടിന്റെ അടുക്കളയോടു ചേർന്ന ഭാഗത്ത് കല്ലിട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധം ആളിപ്പടരുകയായിരുന്നു.

പിന്നീട് സമീപത്തെ വീട്ടുമുറ്റത്ത് കല്ലിടാൻ എത്തിയപ്പോൾ ശക്തമായ എതിർപ്പും ആത്മഹത്യ ഭീഷണിയും മൂലം മണിക്കൂറോളമാണ് കല്ലിടൽ നിർത്തിവയ്ക്കേണ്ടി വന്നത്.ഇന്ന് കല്ലിടൽ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ശക്തമായ പൊലീസ് സംരക്ഷണയിലാണ് കല്ലിടൽ നടത്താൻ തീരുമാനിച്ചത്.

പദ്ധതിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനവികാരം ഉയർന്നതോടെ വരും ദിവസങ്ങളിലും സമരവും പ്രതിഷേധവും ശക്തമാക്കുമെന്നാണു സമരസമിതി നേതാക്കൾ പറയുന്നത്. സമരത്തിനെതിരെ ചിലർ സാമൂഹികമാധ്യമങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തുന്നതായി പരാതിയുണ്ട്. ചിലയിടങ്ങളിൽ ഭീഷണികളും ഉണ്ടാകുന്നതായി സമരസമിതി നേതാക്കൾ ആരോപിച്ചു. എന്നാൽ ജനവികാരത്തെ ചെറുക്കാൻ ഭീഷണി കൊണ്ടു സാധിക്കില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.