Wed. Jan 15th, 2025

22 വർഷത്തെ കമൻ്ററി കരിയറിനു ഫുൾ സ്റ്റോപ്പ് ഇട്ട് ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ലോയ്ഡ്. സ്കൈ സ്പോർട്സിലെ ക്രിക്കറ്റ് വിദഗ്ധനായിരുന്ന അദ്ദേഹം, ഒപ്പം കമൻ്ററി കരിയർ ആരംഭിച്ചവരൊക്കെ വിരമിച്ചെന്ന് കാട്ടിയാണ് തീരുമാനം എടുത്തത്. കമൻ്ററിയിൽ നിന്ന് മൈക്കൽ ഹോൾഡിങ് വിരമിച്ചതും അദ്ദേഹത്തെ ഇങ്ങനെ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

‘സ്കൈ ക്രിക്കറ്റുമായുള്ള 22 മികച്ച വർഷങ്ങൾക്കു ശേഷം വരും തലമുറക്കായി മൈക്രോഫോൺ കൈമാറേണ്ട സമയമായിരിക്കുന്നു. 2013 ആഷസിൽ, എൻ്റെ ഹീറോ ബിൽ ലോവ്‌റിയുമായി കമന്ററി ബോക്‌സ് പങ്കിടാൻ കഴിഞ്ഞു എന്നതാണ് കരിയറിലെ ഏറ്റവും വലിയ നേട്ടം. ഇയാൻ ബിഷപ്പ്, ഷെയ്ൻ വോൺ, രവി ശാസ്ത്രി, ഷോൺ പൊള്ളോക്ക്, ഇയാൻ സ്മിത്ത് എന്നീ ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും സന്തോഷം നൽകുന്നു.

ബോബ് വില്ലിസ് മരിച്ചതും പ്രിയ സ്നേഹിതർ മൈക്കൽ ഹോൾഡിങ്ങും ഇയാൻ ബോതവും ഡേവിഡ് ഗോവറും വിരമിച്ചതും കമൻ്ററി ബോക്സ് ശൂന്യമാക്കിയതായി എനിക്ക് തോന്നുന്നു. സ്‌കൈയുടെ കമന്ററി ബോക്‌സ് ഇപ്പോൾ നാസർ ഹുസൈൻ, മൈക്കൽ ആതേർടൻ, ഇയാൻ വാർഡ്, റോബർട് കീ എന്നിവരുടെ കൈകളിൽ സുരക്ഷിതമാണ്.’- ലോയ്ഡ് കുറിച്ചു.