കാസർകോട്:
കർണാടകയിൽ കൂടുതൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിർത്തിഗ്രാമങ്ങളിൽ ആശങ്ക. എന്താവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് ജില്ലയുടെ അതിർത്തിയിൽ കഴിയുന്നവരിലധികവും. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിജാഗ്രത പുലർത്താൻ അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് അതത് തദ്ദേശസ്ഥാപനങ്ങൾ നിർദേശം നൽകി.
സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ തുടങ്ങി കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതൽ നിർബന്ധമായും പാലിക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഒമിക്രോൺ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് മാത്രമാണ് നിലവിൽ നിരീക്ഷണമുള്ളൂ. ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരുടെ കാര്യത്തിൽ പ്രത്യേക നിർദേശങ്ങളൊന്നുമില്ല. ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന.
കർണാകയിൽ അഞ്ച് ഒമിക്രോൺ കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. മംഗളൂരുവിന് പിന്നാലെ ഉഡുപ്പിയിലെ ഒരു കുടുംബത്തിലെ 82ഉം 73ഉം വയസ്സുള്ള രണ്ടുപേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. നാലംഗ കുടുംബത്തിൽ ഒരാൾക്കുകൂടി രോഗലക്ഷണങ്ങളുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് ഇവർ. പുതുതായി സ്ഥിരീകരിച്ചവരിൽ ആരും വിദേശത്തുനിന്ന് എത്തിയവരുമല്ല.